വീണ്ടും ട്രെയിൻ അപകടം, ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു

  • 25/06/2023

കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ട് ചരക്ക് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു. ബാങ്കുരയിലെ ഒൺഡ റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ഒരു ട്രെയിനിന്റെ പിറകിൽ രണ്ടാമത്തെ ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. ട്രെയിനുകളുടെ 12 ബോഗികൾ പാളം തെറ്റി. ഒരു ലോക്കോപൈലറ്റിന് പരിക്കേറ്റതായി റെയിൽവേ സ്ഥിരീകരിച്ചു. സിഗ്‌നൽ പ്രശ്‌നമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അപകടത്തെ തുടർന്ന്  മേഖലയിലെ റെയിൽ ഗതാഗതം തടസ്സപ്പെട്ടു.

ഒഡിഷയിലെ ബാലസോറിൽ രണ്ട് ട്രെയിനുകൾ പാളംതെറ്റിയുണ്ടായ അപകടത്തിൽ മുന്നൂറിന് അടുത്ത് ആളുകൾ മരിച്ച സംഭവം നടന്ന് ആഴ്ചകൾക്ക് പിന്നാലെയാണ് സിഗ്‌നലിൽ തെറ്റി വീണ്ടും ട്രെയിനുകൾ കൂട്ടിയിടിക്കുന്ന സാഹചര്യമുണ്ടായത്. കഴിഞ്ഞ ജൂൺ രണ്ടിന് ചെന്നൈയിലേക്ക് പുറപ്പെട്ട കോറമാണ്ഡൽ എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനിൽ ഇടിച്ച് പാളം തെറ്റിയ കോച്ചുകളിലേക്ക് ഹൗറയിലേക്ക് പുറപ്പെട്ട യശ്വന്ത്പൂർ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് കൂട്ടിയിടിച്ചായിരുന്നു അന്ന് അപകടം സംഭവിച്ചത്. 292 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെടുകയും 1100 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിഗ്‌നലിൽ തകരാറാണ് അന്നത്തെ അപകടത്തിനും കാരണമായതെന്നായിരുന്നു വിലയിരുത്തൽ.

Related News