റെയില്‍വേ സ്റ്റേഷനില്‍ യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു

  • 25/06/2023

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു. ഈസ്റ്റ് ഡല്‍ഹിയിലെ പ്രീത് വിഹാര്‍ സ്വദേശിനി സാക്ഷി അഹൂജയാണ് മരിച്ചത്. സ്റ്റേഷനില്‍ വെള്ളക്കെട്ടുള്ള ഭാഗത്ത് വൈദ്യുതി പോസ്റ്റില്‍നിന്നാണ് സാക്ഷിയ്ക്ക് വൈദ്യുതാഘാതമേറ്റത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.


ശനിയാഴ്ച രാത്രി മുതല്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. ഇതേ തുടര്‍ന്നുണ്ടായ ചെളിക്കുണ്ടില്‍ ചവിട്ടാതിരിക്കാനാണ് സാക്ഷി വൈദ്യുതി പോസ്റ്റില്‍ പിടിച്ചത്. തുടര്‍ന്ന് വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. രാവിലെ അഞ്ചരയോടെ മറ്റ് രണ്ടു സ്ത്രീകള്‍ക്കും മൂന്ന് കുട്ടികള്‍ക്കും ഒപ്പമാണ് സാക്ഷി സ്റ്റേഷനിലെത്തിയത്.

വൈദ്യുതാഘാതമേറ്റ സാക്ഷിയെ ഉടൻ സമീപത്തെ ലേഡി ഹര്‍ഡിങ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാക്ഷിയുടെ സഹോദരി മാധവി ചോപ്ര, അപകടത്തിന്റെ ഉത്തരവാദികള്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. സാക്ഷിയ്ക്ക് വൈദ്യുതാഘാതമേറ്റ വൈദ്യുതി പോസ്റ്റിന് താഴെ ഇലക്‌ട്രിക് വയറുകള്‍ മുറിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയാകാം അപകടത്തിന് വഴിവെച്ചതെന്നാണ് കരുതുന്നത്. സംഭവത്തില്‍ പോലീസും റെയില്‍വേയും അന്വേഷണം ആരംഭിച്ചു.

Related News