ബ്രിജ് ഭൂഷണെതിരെ പ്രത്യക്ഷ സമരം അവസാനിപ്പിച്ചതായി ഗുസ്തി താരങ്ങള്‍

  • 26/06/2023

ദില്ലി: ബ്രിജ് ഭൂഷണെതിരായ സമരത്തില്‍ പ്രത്യക്ഷ സമരം അവസാനിപ്പിച്ചതായി ഗുസ്തി താരങ്ങള്‍. എന്നാല്‍ നിയമ പോരാട്ടം തുടരുമെന്നും താരങ്ങള്‍ അറിയിച്ചു. അതേസമയം, സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും ഇടവേളയെടുക്കുന്നുവെന്നും താരങ്ങള്‍ അറിയിച്ചു. വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ട്വീറ്റ് ചെയ്തത്.


നല്‍കിയ പരാതി വ്യാജമാണെന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അച്ഛന്‍റെ വെളിപ്പെടുത്തലോടെ നേരത്തെയെടുത്ത പോക്സോ കേസ് ദുര്‍ബലമായിരുന്നു. നല്‍കിയത് വ്യാജ പരാതിയാണെന്നും, മകള്‍ക്ക് ചാംപ്യൻഷിപ്പില്‍ സെലക്ഷൻ ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് കാരണമെന്നും കഴിഞ്ഞ ദിവസമാണ് പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിയുടെ അച്ഛൻ വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മൊഴി വീണ്ടും പോലീസ് രേഖപ്പെടുത്തിയിരുന്നു. 15നകം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്ന കുറ്റപത്രത്തില്‍ പൊലീസ് ഇത് ഉള്‍പ്പെടുത്തും.

എന്നാല്‍ പരാതി നല്‍കിയ മറ്റ് 6 ഗുസ്തി താരങ്ങളും പരാതിയില്‍ ഉറച്ച്‌ നില്‍ക്കുകയായിരുന്നു. അന്താരാഷ്ട്ര റഫറിയടക്കം എഫ്‌ഐആറില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് താൻ സാക്ഷിയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പരാതിക്കാരില്‍ സമ്മര്‍ദം ചെലുത്തി മൊഴിമാറ്റിയെന്നാണ് ഗുസ്തി താരങ്ങളുമായി ബന്ധപ്പെട്ടവരുടെ ആരോപണം. വെളിപ്പെടുത്തല്‍ വിവാദമായതിന് പിന്നാലെയാണ് വിനേഷ് ഫോഗട്ടിന്‍റെ ട്വീറ്റ്, നിയമപോരാട്ടത്തിലുണ്ടാകുന്ന കാലതാമസം പെണ്‍മക്കളുടെ ധൈര്യം ചോര്‍ത്തുമോയെന്നും വിനേഷ് ഫോഗട്ട് ട്വിറ്ററില്‍ ചോദിച്ചു. 

Related News