ദമ്ബതികളെ തടഞ്ഞു നിര്‍ത്തി കവര്‍ച്ചാസംഘം; പണം അങ്ങോട്ട് നൽകി മടങ്ങി

  • 26/06/2023

‍‍ദില്ലി: റോഡിലൂടെ നടന്നുപോവുകയായിരുന്ന ദമ്ബതികളെ തടഞ്ഞു നിര്‍ത്തി കവര്‍ച്ചാസംഘം. ബൈക്കിലെത്തിയ രണ്ടുപേരാണ് ദമ്ബതികളെ തടഞ്ഞത്. കിഴക്കൻ ദില്ലിയിലെ ഷഹ്‌ദാരയിലെ ഫാര്‍ഷ് ബസാര്‍ ഏരിയയിലാണ് സംഭവം. നടന്നുപോവുകയായിരുന്ന ദമ്ബതികളെ കവര്‍ച്ചക്കാര്‍ പരിശോധിച്ചപ്പോള്‍ 20 രൂപ മാത്രമാണ് കണ്ടെത്താനായത്. മറ്റൊന്നും കണ്ടെത്താതിരുന്നപ്പോള്‍ മോഷ്ടാക്കള്‍ ദമ്ബതികള്‍ക്ക് 100 രൂപ നല്‍കി മടങ്ങുകയായിരുന്നു.


കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ചെറിയ വീഡിയോ ക്ലിപ്പാണിപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. കവര്‍ച്ച നടത്താൻ ബൈക്കിലെത്തിയ രണ്ടുപേര്‍ ദമ്ബതികളെ തടയുന്നതും ഒടുവില്‍ എന്തോ ഒന്ന് ദമ്ബതികള്‍ക്ക് നല്‍കി അവര്‍ മടങ്ങുന്നതുമാണ് വിഡിയോയില്‍ കാണുന്നത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വൈകാതെ പുറത്തുവന്നു.

പുറത്തുവന്ന ദൃശ്യങ്ങള്‍ പ്രകാരം, ഹെല്‍മെറ്റ് ധരിച്ച രണ്ട് പുരുഷന്മാര്‍ ബൈക്കിലെത്തുന്നു. നടന്നുപോവുകയായിരുന്ന ദമ്ബതികളെ തടഞ്ഞുനിര്‍ത്തുകയും പണം ചോദിക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ തന്നെ മറ്റൊരാള്‍ കൂടെയുണ്ടായിരുന്ന പുരുഷനെ പരിശോധിക്കാൻ തുടങ്ങിയിരുന്നു. എന്നാല്‍ ഒന്നും കിട്ടാതെ മടങ്ങുന്നതിന് മുമ്ബ് ഇവര്‍ എന്തോ ദമ്ബതികള്‍ക്ക് കൈമാറുകയും ചെയ്തു. 100 രൂപയാണ് മോഷ്ടാക്കള്‍ കൈമാറിയതെന്ന് ദമ്ബതികള്‍ തന്നെ പൊലീസിനോട് പറഞ്ഞു.

ഈ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ പൊലീസ് അന്വേഷണം നടത്തി ഇവരെ അറസ്റ്റ് ചെയ്തു. പ്രദേശത്തെ 200-ലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു മോഷ്ടാക്കള്‍ പിടിയിലായത്. ഇവരില്‍ നിന്ന് 30 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. സ്വകാര്യ കമ്ബനി ജീവനക്കാരനായ ഹര്‍ഷ് രാജ്പുത്, സ്വകാര്യ ജിഎസ്ടി സ്ഥാപനത്തിലെ അക്കൗണ്ടന്റ് ദേവ് വര്‍മ എന്നിവരാണ് പിടിയിലായതെന്ന് റിപ്പോര്‍ട്ടുകള്‍. ഗുണ്ടാസംഘം നീരജ് ബവാനയുടെ യൂട്യൂബിലെ വീഡിയോകള്‍ കണ്ട് ഇയാളുടെ സംഘത്തില്‍ ചേരാൻ ആഗ്രഹിച്ചായിരുന്നു പ്രവൃത്തിയെന്ന് ഇരുവരും മൊഴി നല്‍കിയതായും എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

Related News