പാൽ കച്ചവടം നടത്തി കർഷകൻ സ്വന്തമാക്കിയത് ഒരു കോടിയുടെ ബംഗ്ലാവ്; വീടിനു മുകളിൽ പാൽപാത്രത്തിന്റെയും പശുവിന്റെയും പ്രതിമ

  • 27/06/2023

മുംബൈ: മഹാരാഷ്‌ട്രയിലെ സോളാപൂരില്‍ നിന്നുള്ള ക്ഷീരകര്‍ഷകനാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. അദ്ദേഹം സ്വപ്രയത്‌നം കൊണ്ട് ജീവിതത്തില്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ. ഒറ്റ പശുവില്‍ നിന്ന് ആരംഭിച്ച തന്റെ പാല്‍ കച്ചവടം ഒടുവില്‍ 150 പശുക്കളില്‍ വന്നെത്തി നില്‍ക്കുമ്ബോള്‍ ഒരു കോടി രൂപയുടെ ബംഗ്ലാവാണ് പ്രകാശ് ഇംദേ സ്വന്തമാക്കിയത്. പാല്‍ വിറ്റു കിട്ടിയ പണം സ്വരൂപിച്ച അദ്ദേഹം തന്റെ സ്വപ്‌നഭവനം സാക്ഷാത്കരിക്കുകയായിരുന്നു.


ബാപ്പു എന്നാണ് പ്രകാശ് ഇംദേയെ ഗ്രാമവാസികള്‍ വിളിക്കുന്നത്. ലക്ഷ്മിയായിരുന്നു ബാപ്പുവിന്റെ ആദ്യ പശു. ഇന്ന് 150 പശുക്കള്‍ക്ക് ഉടമയായി മാറിയപ്പോഴും തന്റെ ആദ്യ പശുവായിരുന്ന ലക്ഷ്മിയുടെ ചിത്രത്തിന് മുന്നില്‍ ദിവസവും പ്രാര്‍ത്ഥിച്ചാണ് അദ്ദേഹം തന്റെ ജോലികള്‍ ആരംഭിക്കാറുള്ളത്. ഒരിക്കലും നടക്കാത്തത് എന്ന് കരുതിയിരുന്ന പലതും അദ്ദേഹം തന്റെ പശുക്കളുടെ പാല്‍ വിറ്റ് കിട്ടിയ പണം കൊണ്ട് നേടിയെടുത്തു.

ഒടുവില്‍ ഒരു കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവും പണിതുയര്‍ത്തി. ഗോധൻ നിവാസ് എന്നാണ് തന്റെ സ്വപ്‌നഭവനത്തിന് ബാപ്പു പേരിട്ടത്. വീടിന് മുകളില്‍ രണ്ട് വലിയ പ്രതിമകളും സ്ഥാപിച്ചു. ഒരു പാല്‍പാത്രത്തിന്റെയും പശുവിന്റെയും പ്രതിമകളാണ് ബംഗ്ലാവിന് മുകളിലുള്ളത്. ദൂരേ നിന്ന് നോക്കുമ്ബോള്‍ പോലും ഈ രണ്ട് പ്രതിമകള്‍ കാഴ്ചക്കാര്‍ക്ക് വ്യക്തമാകുന്ന വിധത്തിലാണ് നിര്‍മ്മിതി.

1998 മുതലാണ് പശുവിനെ വാങ്ങി അദ്ദേഹം ഉപജീവനം തുടങ്ങിയത്. പശുവിൻ പാലും ചാണകവും അദ്ദേഹം വില്‍പ്പന നടത്തി. ആദ്യമാദ്യം പ്രദേശിവാസികള്‍ക്കായിരുന്നു പാല്‍ വിറ്റിരുന്നത്. പിന്നീട് പശുക്കളുടെ എണ്ണം കൂടിയപ്പോള്‍ ഡയറി ഫാം തുടങ്ങുകയും ചെയ്തു. പ്രതിദിനം ആയിരം ലിറ്റര്‍ പാലാണ് ഫാമില്‍ നിന്ന് അദ്ദേഹത്തിന് ലഭിക്കുക. ബാപ്പുവിന്റെ കുടുംബാംഗങ്ങള്‍ എല്ലാവരും പശുക്കളെ പരിപാലിക്കാൻ സഹായിച്ചിരുന്നു.

ഇതുവരെ ഒറ്റ പശുവിനെ പോലും അദ്ദേഹം വിറ്റ് കാശാക്കിയിട്ടില്ല. 2006ല്‍ ആയിരുന്നു ആദ്യ പശുവായ ലക്ഷ്മി വിടവാങ്ങിയത്. പ്രതിദിനം നാലോ അഞ്ചോ ടണ്‍ പച്ച പുല്ല് ഫാമിലുള്ള പശുക്കള്‍ക്ക് ആവശ്യമാണ്. കഴിയുന്നത്ര പുല്ല് ഫാമില്‍ തന്നെ വളര്‍ത്തുകയും ശേഷിക്കുന്നവ പുറത്തുനിന്ന് വാങ്ങുകയും ചെയ്യുന്നുവെന്ന് ബാപ്പു പറയുന്നു. അദ്ദേഹത്തിന്റെ കാര്‍ഷിക വിജയം നേരിട്ട് കണ്ട് പഠിക്കാൻ അന്യസംസ്ഥാനങ്ങളില്‍ നിന്ന് പോലും വിദ്യാര്‍ത്ഥികളും സംരംഭകരും എത്താറുണ്ട്.

Related News