വിവാഹവാര്‍ഷികദിനത്തില്‍ യുവ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം

  • 27/06/2023

റാണിപ്പേട്ട്: വിവാഹവാര്‍ഷികദിനത്തില്‍ യുവ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് റാണിപ്പെട്ടില്‍ ബൈക്കില്‍ ബസിടിച്ചുളള വാഹനാപകടത്തില്‍ ആണ് ഈശ്വരൻ -സംഗീത ദമ്ബതികള്‍ മരിച്ചത്. ഇവരുടെ ഒരു വയസ്സുള്ള മകൻ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. സഞ്ചരിച്ച ബൈക്ക്, സ്വകാര്യ ബസ് ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. അരുമ്ബാക്കം സ്വദേശികളാണ് മരിച്ച ഈശ്വര (35)നും, സംഗീത (28)യും. ഇവര്‍ക്ക് മൂന്ന് വയസുള്ള മകൻ കൂടിയുണ്ട്.


ചെന്നൈയിലെ സ്വകാര്യ കാര്‍ നിര്‍മാണ യൂണിറ്റിലെ ജോലിക്കാരനായിരുന്നു ഈശ്വരൻ. വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച്‌ എത്തിയതായിരുന്നു. ദര്‍ശനത്തിനായി ആര്‍ക്കോട് മേഖലയിലെ പച്ച അമ്മൻ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു മൂവരും. ആര്‍ക്കോട് ബസ് സ്റ്റേഷനില്‍ നിന്ന് സെയ്യാര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഈശ്വരനും സംഗീതയും സംഭവസ്ഥലത്തുതന്നെ മരിച്ചു. മകൻ ദശ്വന്ത് നിസാര പരിക്കുകളോടെയും രക്ഷപ്പെടുകയായിരുന്നു. ദശ്വന്തിനെ ഉടൻ തന്നെ ആര്‍ക്കോട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി.

അതിനിടെ, അപകടത്തിന് ശേഷം ഓടി രക്ഷപ്പെട്ട ബസ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട്, മരിച്ച ദമ്ബതികളുടെ ബന്ധുക്കള്‍ റോഡ് ഉപരോധിച്ച്‌ പ്രതിഷേധിച്ചു. മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത് തടയരുതെന്ന് ആവശ്യപ്പെട്ട അസിസ്റ്റന്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (എഡിഎസ്പി) വിശ്വേശരയ്യ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) പ്രഭു എന്നിവര്‍ എത്തി ആവശ്യപ്പെട്ടതിന് ശേഷമാണ് കുടുംബം വഴിയില്‍ നിന്ന് മാറാൻ തയ്യാറായത്. അതേസമയം, അപകടത്തെക്കുറിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related News