രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന വ്യക്തമായ സൂചന നല്‍കിയ മോദി

  • 27/06/2023

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ഏക സിവില്‍ കോഡ് മുഖ്യ വിഷയമാക്കി ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന വ്യക്തമായ സൂചന നല്‍കിയ മോദി, സുപ്രീംകോടതി ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഭരണഘടനയും തുല്യ നീതിയാണ് ആവശ്യപ്പെടുന്നത്. ഒരു രാജ്യത്ത് രണ്ട് നിയമങ്ങള്‍ എങ്ങനെ സാധ്യമാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. മുത്തലാഖിനെ പിന്തുണക്കുന്നവര്‍ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്നും മോദി പറഞ്ഞു.


ഭരണഘടനയും തുല്യനീതിയാണ് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയും ഏക സിവില്‍ കോഡ് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നത്. എന്നാല്‍, ഏക സിവില്‍ കോഡില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിനാണ് പ്രതിപക്ഷം ഏക സിവില്‍ കോ‍ഡിനെ ഉപയോഗിക്കുന്നത്. ഭയകൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നതെന്നും മോദി പരിഹസിച്ചു. അധികാരത്തിനായി പ്രതിപക്ഷം നുണ പറയുന്നു. അഴിമതിക്കെതിരായ നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം. 2024 ലും ബിജെപി വിജയിക്കുമെന്ന് പ്രതിപക്ഷം ഭയക്കുന്നുണ്ടെന്നും മോദി പരിഹസിച്ചു.

അതേസമയം, അഞ്ച് വന്ദേഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. മധ്യപ്രദേശിലെ റാണി കമലാപാട്ടി റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് മോദി വന്ദേഭാരത് ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്തത്. മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ബീഹാര്‍, ജാ‌ര്‍ഖണ്ഡ് സംസ്ഥാനങ്ങളിലേക്കുള്ലതാണ് ട്രെയിനുകള്‍. ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ രണ്ട് ട്രെയിനുകള്‍ സ‍ര്‍വീസ് നടത്തും. വന്ദേഭാരത് ട്രെയിനുകള്‍ രാജ്യത്തെ ഗതാഗത രംഗത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷണവ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Related News