യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മാറ്റമില്ലാതെ നടക്കും; തിരഞ്ഞെടുപ്പ് മാറ്റാൻ കെപിസിസി നേതൃത്വം ആവശ്യപ്പെട്ടില്ലെന്ന് ദേശീയ നേതൃത്വം

  • 27/06/2023

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മാറ്റമില്ലാതെ നടക്കും. പാര്‍ട്ടി ദേശീയ നേതൃത്വവുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മാറ്റാൻ കെപിസിസി നേതൃത്വം ആവശ്യപ്പെട്ടില്ല. കൂടിക്കാഴ്ച പൂര്‍ത്തിയാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കേരളത്തിലേക്ക് മടങ്ങി.


യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് നേതാക്കള്‍ ഡല്‍ഹയിലെ യോഗത്തില്‍ ആവശ്യപ്പെടുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ഈ ആവശ്യം ഉന്നയിക്കാതെ കേസുമായി ബന്ധപ്പെട്ട വിഷയങ്ങളും ബ്ലോക്ക് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന കാര്യങ്ങളുമാണ് യോഗത്തില്‍ സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വിശദീകരിച്ചത്.

നേരത്തെ വയനാട്ടിലെ പഠന ക്യാമ്ബിന് ശേഷം യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ഒപ്പിട്ട കത്ത് രാഹുല്‍ ഗാന്ധിക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ രാഹുല്‍ തീരുമാനം എടുത്തിരുന്നില്ല. സംസ്ഥാന നേതാക്കള്‍ ഡഹിയിലെത്തി ചര്‍ച്ച ചെയ്തിട്ടും തിരഞ്ഞെടുപ്പ് മാറ്റണമെന്ന് നേരിട്ട് ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ ഇനി ബുധനാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സാധ്യത കുറവാണ്.

Related News