ഏക സിവിൽ കോഡ് ഭരണഘടന വിഭാവനം ചെയ്യുന്നത്, നടപ്പാക്കണം: ആം ആദ്മി പാർട്ടി

  • 28/06/2023

ദില്ലി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ആം ആദ്മി പാർട്ടി. ഭരണഘടന ഏക സിവിൽ കോഡിനെ വിഭാവനം ചെയ്യുന്നുവെന്നാണ് പാർട്ടി നേതാക്കളുടെ പ്രതികരണം. വിപുലമായ ചർച്ചകൾ ഏക സിവിൽ കോഡ് വിഷയത്തിൽ വേണമെന്നും സമവായത്തിലെത്തണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. വിഷയത്തിൽ കടുത്ത എതിർപ്പുമായി മുസ്ലീം വ്യക്തി നിയമ ബോർഡ് രംഗത്ത് വന്നു. നിയമകമ്മീഷന് മുന്നിൽ വിയോജിപ്പറിയിക്കാൻ ബോർഡിൻറെ അടിയന്തര യോഗം തീരുമാനിച്ചു. സിവിൽ കോഡിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഭിന്നത ദൃശ്യമാണ്.

ഏക സിവിൽ കോഡിലേക്ക് രാജ്യം നീങ്ങുമെന്ന ശക്തമായ സൂചന പ്രധാനമന്ത്രി നൽകിയതിന് പിന്നാലെയാണ് മുസ്ലീം വ്യക്തി നിയമ ബോർഡ് അടിയന്തര യോഗം ചേർന്നത്. ഓൺലൈൻ യോഗത്തിൽ നീക്കത്തെ ശക്തമായി എതിർക്കാൻ തീരുമാനിച്ചു. നിലപാട് വ്യക്തമാക്കി വിശദമായ രേഖ നിയമ കമ്മീഷന് സമർപ്പിക്കും. ജൂലൈ 14 വരെയാണ് നിയമ കമ്മീഷൻ പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം കേൾക്കുന്നത്. സിവിൽകോഡുമായി ബന്ധപ്പെട്ട് മുൻപ് ഉയർന്ന ചർച്ചകളിലും മുസ്ലീം വ്യക്തി നിയമ ബോർഡ് കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു. 

അതേ സമയം ഏകസവിൽ കോഡിൽ പ്രതിപക്ഷ പാർട്ടികൾ ഇനിയും ഏകാഭിപ്രായത്തിലെത്തിയിട്ടില്ല. സിപിഎം, ഡിഎംകെ, സമാജ് വാദി പാർട്ടി, എഐഎംഐഎം തുടങ്ങിയ കക്ഷികൾ സിവിൽ കോഡ് നടപ്പാക്കരുതെന്ന് ശക്തമായി വാദിക്കുന്നുണ്ട്. കോൺഗ്രസ് അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല. രാജസ്ഥാൻ, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകൾ അടുത്ത് വരുമ്പോൾ സിവിൽ കോഡിൽ അന്തിമ നിലപാട് പ്രഖ്യാപിക്കുന്നത് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസിൻറെ വിലയിരുത്തൽ. എതിർത്താൽ മുസ്ലീം പ്രീണനമെന്ന ആക്ഷേപം ബിജെപി ശക്തമാക്കും. അതുകൊണ്ട്  കരുതലോടെയാണ് നീക്കം. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ആശയകുഴപ്പം ഉണ്ടാക്കാൻ കൂടിയാണ് പ്രധാനമന്ത്രി ഏക സിവിൽ കോഡിലൂടെ ലക്ഷ്യമിടുന്നത്. സിവിൽ കോഡിനായി രാജ്യ വ്യാപകമായി പ്രചാരണത്തിന് ബിജെപി ന്യൂനപക്ഷ മോർച്ച തയ്യാറെടുപ്പുകൾ തുടങ്ങി.

Related News