ചന്ദ്രശേഖര്‍ ആസാദിന്‍റെ ചികിത്സ തുടരുന്നു, ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാർ

  • 29/06/2023

ദില്ലി: വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്‍റെ ചികിത്സ സഹറണ്‍പൂരിലെ ജില്ലാ ആശുപത്രിയില്‍ തുടരുന്നു. ചന്ദ്രശേഖര്‍ ആസാദിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ ആറിയിച്ചു. നിലവില്‍ ഐ സി യു വില്‍ നിരീക്ഷണത്തിലാണ് ആസാദ്. മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ആസാദിനെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.


ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ചന്ദ്രശേഖര്‍ ആസാദിന് നേരെ കാറിലെത്തിയ ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റെങ്കിലും തലനാരിഴയ്ക്കാണ് ആസാദ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചേകാലോടെയാണ് സംഭവം. ഇളയ സഹോദരനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഒപ്പം കാറില്‍ സഹാറൻപൂരിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം. ഹരിയാന രജിസ്ട്രേഷൻ കാറില്‍ എത്തിയ സംഘമാണ് വെടിയുതിര്‍ത്തത്.

ആക്രമികള്‍ എത്തിയ ഹരിയാന രജിസ്ട്രേഷനിലുള്ള കാറിന്‍റെ നമ്ബര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് സംഘം. ആക്രമണത്തില്‍ രണ്ട് വെടിയുണ്ടകള്‍ കാറില്‍ തുളഞ്ഞ് കയറിയിരുന്നു. ഒരു വെടിയുണ്ട കാറിന്‍റെ ചില്ലുകള്‍ തകര്‍ത്തു അകത്ത് കയറി. മറ്റൊരു വെടിയുണ്ട സീറ്റിലാണ് തുളഞ്ഞുകയറിയത്. ഈ വെടിയുണ്ട കൊണ്ടാണ് ആസാദിന് പരിക്കേറ്റത്. ആസാദിന്റെ ഇടുപ്പില്‍ വെടിയുണ്ടയേറ്റെങ്കിലും പരിക്ക് ഗുരുതരമല്ല. വധശ്രമത്തിന്‍റെ പശ്ചാത്തലത്തില്‍ ആസാദിന് പൊലീസ് സുരക്ഷ നല്‍കും. ഇതിനിടെ സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഭീം ആര്‍മിയുടെ തീരുമാനം.

Related News