ദളിത്‌ യുവാവുമായി പ്രണയം; മകളെ അച്ഛന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, കാമുകന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

  • 29/06/2023


ബെംഗളൂരു: കർണാടകയിൽ ദളിത്‌ യുവാവുമായി പ്രണയത്തിലായിരുന്ന മകളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലെ കോലാറിലാണ് സംഭവം. പെണ്‍കുട്ടി മരിച്ച വിവരമറിഞ്ഞ് കാമുകന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. 

കോലാര്‍ ബംഗാര്‍പേട്ട് താലൂക്കിലെ ബോഡഗുര്‍ക്കി സ്വദേശിയായ കീര്‍ത്തിയെ(20)യാണ് അച്ഛന്‍ കൃഷ്ണമൂര്‍ത്തി(46) കഴിഞ്ഞദിവസം കൊലപ്പെടുത്തിയത്. കീര്‍ത്തിയുടെ മരണവിവരം അറിഞ്ഞതിന് പിന്നാലെ കാമുകനായ ഗംഗാധര്‍(24) ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. 

ഗൊല്ല സമുദായത്തില്‍പ്പെട്ട കീര്‍ത്തിയും ദളിത് യുവാവായ ഗംഗാധറും ഏറെനാളായി പ്രണയത്തിലായിരുന്നു. കീര്‍ത്തിയുടെ വീട്ടുകാർ പ്രണയത്തിന് എതിരായിരുന്നു. ബന്ധത്തില്‍നിന്ന് പിന്മാറണമെന്നും ഇനി കൂടിക്കാഴ്ച പാടില്ലെന്നും ഇയാള്‍ രണ്ടുപേരോടും ആവശ്യപ്പെട്ടു. പക്ഷേ ഇരുവരും ബന്ധം തുടര്‍ന്നു. 

രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നതും പതിവായി. മറ്റൊരു വിവാഹത്തിന് സമ്മതിക്കില്ലെന്ന് കീര്‍ത്തി പറഞ്ഞതിനെ തുടർന്ന് അച്ഛനും മകളും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടര്‍ന്നാണ് കൃഷ്ണമൂര്‍ത്തി മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ ഹെല്‍പ് ലൈന്‍ നമ്പരില്‍ ബന്ധപ്പെടുകയോ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുകയോ ചെയ്യുക.)

Related News