ഇഡി കസ്റ്റഡിയിലുള്ള മന്ത്രി സെന്തില്‍ ബാലാജിയെ ഗവര്‍ണര്‍ പുറത്താക്കി

  • 29/06/2023

ചെന്നൈ : തമിഴ്നാട്ടില്‍ നിര്‍ണായക നീക്കം. അഴിമതി കേസില്‍ ഇഡി കസ്റ്റഡിയിലുള്ള മന്ത്രി സെന്തില്‍ ബാലാജിയെ ഗവര്‍ണര്‍ പുറത്താക്കി. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഇല്ലാതെയാണ് മന്ത്രിയെ ഗവര്‍ണര്‍ ആര്‍. എൻ രവി പുറത്താക്കിയത്. വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്ന് കാണിച്ചാണ് തമിഴ്നാട് ഗവര്‍ണറുടെ അസാധാരണ നടപടി.


കഴിഞ്ഞ ദിവസമാണ് റെയിഡിന് പിന്നാലെ സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇതോടെ, ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ച്‌ നല്‍കി വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിൻ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ വകുപ്പില്ലാതെയാണെങ്കിലും സെന്തില്‍ ബാലാജിക്ക് തുടരാനാകില്ലെന്ന നിലപാടിലായിരുന്നു ഗവര്‍ണര്‍. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്ളയാള്‍ മന്ത്രിയായി തുടരുന്നത് അധാര്‍മ്മികമെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മന്ത്രിയെ പുറത്താക്കിയുള്ള ഗവര്‍ണറുടെ അസാധാരണ നടപടി.

ബാലാജിയെ പുറത്താക്കിയത് ഗവര്‍ണറുടെ നടപരടിയെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വ്യക്തമാക്കി. മന്ത്രിയെ പുറത്താക്കാൻ ഗവര്‍ണര്‍ക്ക് അധികാരമില്ല. മുഖ്യമന്ത്രിയുടെ ശുപാര്‍ശയിലാണ് മന്ത്രിമാരുടെ നിയമനവും ഒഴിവാക്കലുമെന്നിരിക്കെയാണ് ഗവര്‍ണറുടെ നടപടിയെന്നും നിയപരമായി നേരിടുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

Related News