മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങൾ രാഹുൽ ഗാന്ധി ഇന്ന് സന്ദർശിക്കും

  • 29/06/2023

മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങൾ രാഹുൽ ഗാന്ധി ഇന്ന് സന്ദർശിക്കും. മൊയ്റാങ്ങിലെ ദുരിതാശ്വാസ ക്യാമ്പ് രാഹുൽ ഇന്ന് സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ റോഡ് മാർഗമുള്ള യാത്രയിൽ മണിപ്പൂർ പൊലീസ് എതിർപ്പറിയിച്ചിട്ടുണ്ട്. രാഹുലിന്റെ റോഡ് യാത്ര നിരവധി ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. 

ഇന്നലെ അനുമതി ലഭിക്കാത്തത് മൂലം സന്ദർശിക്കാൻ കഴിയാത്ത ക്യാമ്പുകളിലാകും രാഹുൽ ഇന്ന് സന്ദർശനം നടത്തുക. നാഗ ഉൾപ്പെടെയുള്ള 17 വിഭാഗങ്ങളുമായും രാഹുൽ ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്നലെ കാങ്പോകിൽ വെടിവയ്പ്പുണ്ടായി രണ്ടുപേർ കൊല്ലപ്പെട്ടതിന്റെ കൂടി പശ്ചാത്തലത്തിൽ മണിപ്പൂരിൽ അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്.

ഇന്നലെ രാഹുൽ ഗാന്ധി അടക്കമുള്ളവർ ഇംഫാലിലുള്ളപ്പോഴാണ് ഏറ്റുമുട്ടൽ നടക്കുന്നത്. കലാപം നടക്കുന്ന മണിപ്പൂർ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. ആയുധധാരികളുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാൽ, വ്യോമമാർഗം പോകണമെന്ന് പൊലീസ് നിലപാട് അറിയിച്ചതോടെ കോൺഗ്രസ് പ്രവർത്തകരും പൊലീസുമായി ഇന്നലെ വാക്കുതർക്കവുമുണ്ടായി.

Related News