മണിപ്പൂർ സംഘർഷത്തിൽ ബിജെപി ക്ക് പങ്ക്: ഇറോം ശർമിള

  • 02/07/2023

ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള കലാപം മണിപ്പൂരിന്‍റെ തെരുവുകളില്‍ ആളിക്കത്തുമ്ബോള്‍, അഫ്‍സ്പയ്ക്ക് എതിരെ ഒരു കാലത്ത് മണിപ്പൂരില്‍ സമാനതകളില്ലാത്ത പോരാട്ടം നടത്തിയ സമരനായിക ഇറോം ഷര്‍മിള ആശങ്കയോടെയാണ് സ്ഥിതി നോക്കിക്കാണുന്നത്. ഭരണകക്ഷിയായ ബിജെപിക്ക് ഇപ്പോഴത്തെ കലാപം അഴിച്ചുവിടുന്നതില്‍ പങ്കുണ്ടെന്ന ആരോപണമടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഇറോം ഷര്‍മിള, കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടല്‍ അത്യാവശ്യമെന്നും പറയുന്നു.


ഇപ്പോഴത്തെ കലാപത്തിന് പിന്നില്‍ ബിജെപിക്കും പങ്കുണ്ടെന്ന ആരോപണം ശക്തമാണെന്നും അതില്‍ കൃത്യമായ അന്വേഷണം വേണമെന്നും മണിപ്പൂരിലെ മുൻ സമരനായിക ഇറോം ഷര്‍മിള ആവശ്യപ്പെട്ടു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് സ്ഥിതി വഷളായതെന്ന ആരോപണമുണ്ട്. ഇതില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. കേന്ദ്രസര്‍ക്കാര്‍ ഇതില്‍ വേര്‍തിരിവുകളില്ലാതെ ഇടപെടണമെന്നും ഇറോം ഷര്‍മിള ആവശ്യപ്പെട്ടു. മെയ്തെയ് വിഭാഗത്തിന്‍റെ സംവരണകാര്യത്തില്‍ തീരുമാനമെടുക്കാൻ ഉത്തരവിട്ട മണിപ്പൂര്‍ ചീഫ് ജസ്റ്റിസിന് സംസ്ഥാനത്തെ സ്ഥിതിയറിയില്ല.

ആക്ടിംഗ് ചീഫ് ജസ്റ്റിസ് എം വി മുരളീധരൻ പുറത്ത് നിന്നുള്ളയാളാണ്. പക്ഷേ മുഖ്യമന്ത്രി ബിരേൻ സിംഗിന് സ്ഥിതിഗതികളെക്കുറിച്ച്‌ ധാരണയുണ്ടല്ലോ. അദ്ദേഹം മെയ്തെയ് വിഭാഗക്കാരനായി മാത്രം നിലകൊള്ളരുത്, എല്ലാ വിഭാഗങ്ങളുടെയും മുഖ്യമന്ത്രിയാകണമെന്നും ഇറോം ഷര്‍മിള പറഞ്ഞു. കലാപം നിയന്ത്രിക്കുന്നതില്‍ ബിരേൻ സിംഗ് കാഴ്ചക്കാരനാകരുത്, വേര്‍തിരിവ് കാണിക്കരുതെന്നും ഇറോം ഷര്‍മിള ആവശ്യപ്പെട്ടു.

Related News