പുനഃസംഘടന അഭ്യൂഹങ്ങൾക്കിടെ കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന്, കേരളത്തിനും പരിഗണനയെന്ന് സൂചന

  • 02/07/2023

ദില്ലി : കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന്  ചേരും. പുനഃസംഘടന വൈകാതെ ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ഇന്നത്തെ യോഗം. ദില്ലിയിലെ ജി20 യോഗ വേദിയിലെ കൺവെൻഷൻ സെന്ററിലാണ് മന്ത്രിസഭ ചേരുക. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ അടക്കമുള്ളവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു. ജൂലൈ പകുതിയോടെ പാർലമെന്റിന്റെ വർഷകാല സമ്മേളനവും ചേരുകയാണ്. നിർണായക നിയമസഭാ തിരഞ്ഞെടുപ്പുകളും, അടുത്തവർഷം ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ മന്ത്രിസഭ പുനസംഘടന വൈകില്ലെന്നാണ് റിപ്പോർട്ടുകൾ. ഘടക കക്ഷികൾക്ക് കൂടുതൽ പരിഗണന നൽകാനുള്ള സാധ്യതയുമുണ്ട്.

കേരളത്തിൽ നിന്ന് സുരേഷ് ഗോപി, ഇ.ശ്രീധരൻ തുടങ്ങിയവരുടെ പേരുകൾ നേതൃത്വം ചർച്ച ചെയ്തുവെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പല സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാരെ മാറ്റുന്നത് ഉൾപ്പെടെ പാർട്ടിയിലും അഴിച്ചുപ്പണിയുണ്ടാകും. എന്നാൽ കേന്ദ്രമന്ത്രിസഭാ വികസനത്തെ കുറിച്ച് കേൾക്കുന്നത് ഊഹാപോഹങ്ങളെന്നായിരുന്നു കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രതികരണം. മന്ത്രിസഭയെ കുറിച്ച് തീരുമാനമെടുക്കുന്നത് പ്രധാനമന്ത്രിയാണ്. സുരേഷ് ഗോപി മന്ത്രിസഭയിലേക്ക് വന്നാൽ സന്തോഷമെന്നും മുരളീധരൻ പറഞ്ഞു.  

Related News