വിശാല പ്രതിപക്ഷ യോഗം മാറ്റിവച്ചു, എൻസിപി പിളർപ്പിന്റെ പശ്ചാത്തലത്തിലെന്ന് സൂചന

  • 02/07/2023

ദില്ലി : ഈ മാസം 13,14 തീയതികളിൽ ബെംഗളൂരുവിൽ ചേരാനിരുന്ന വിശാല പ്രതിപക്ഷ യോഗം മാറ്റിവച്ചു. എൻസിപി പിളർപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സൂചന. എന്നാൽ കർണ്ണാടക, ബിഹാർ നേതാക്കളുടെ അസൗകര്യത്തെ തുടർന്നെന്നാണ് ജെഡിയു വക്താവ് കെ.സി ത്യാഗി പ്രതികരിച്ചത്. അപ്രതീക്ഷിതമായി എൻസിപിയിൽ ഉണ്ടായ പിളർപ്പിൽ പ്രതിപക്ഷ നിര നിരാശയിലാണ്. ശരദ് പവാറുമായി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും, മല്ലികാർജുൻ ഖർഗെയും, രാഹുൽ ഗാന്ധിയും സംസാരിച്ചുവെന്നാണ് വിവരം. മമത ബാനർജിയും പവാറിന് പിന്തുണയറിയിച്ചു.   

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ ഒന്നിച്ച് പോരാടാനുളള പ്രതിപക്ഷ സഖ്യ തീരുമാനം  ചരിത്ര നീക്കമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റാൻ ഒന്നിച്ച് നിൽക്കാൻ പാറ്റ്‌നയിൽ നടന്ന യോഗത്തിലാണ് പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചത്. 

അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് പാർട്ടികൾ ഒന്നിച്ച് പോരാടാനുള്ള നീക്കത്തിന് മമത ബാനർജി, സോണിയാ ഗാന്ധി, നിതീഷ് കുമാർ, ശരദ് പവാർ അടക്കമുള്ള നേതാക്കൾ പച്ചക്കൊടി നൽകിയതോടെ അടുത്ത മീറ്റിംഗ് ബംഗ്ലൂരുവിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ എൻസിപിയിലുണ്ടായ അപ്രതീക്ഷിത പിളർപ്പ് ഈ നീക്കത്തിനെ പിന്നോട്ടടിപ്പിച്ചെന്നാണ് സൂചന.

Related News