മുതിര്‍ന്ന നേതാക്കളായ പ്രഫുല്‍ പട്ടേലിനെയും സുനില്‍ തത്കാരേയും എന്‍സിപിയില്‍ നിന്ന് പുറത്താക്കി

  • 03/07/2023

മുംബൈ: അജിത് പവാര്‍ പക്ഷത്തിനൊപ്പം ചേര്‍ന്ന മുതിര്‍ന്ന നേതാക്കളായ പ്രഫുല്‍ പട്ടേലിനെയും സുനില്‍ തത്കാരേയും എന്‍സിപിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ ആണ് നടപടി സ്വീകരിച്ചത്. അജിത് പവാറിനൊപ്പം കഴിഞ്ഞദിവസം ഇവര്‍ രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ടിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ പ്രഫുല്‍ പട്ടേലിനെയും സുനില്‍ തത്കാരെയും എന്‍സിപിയില്‍ നിന്ന് പുറത്താക്കുന്നതായി ശരദ് പവാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് പിന്നാലെ, സുനില്‍ തത്കാരെയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി അജിത് പവാര്‍ വിഭാഗം പ്രഖ്യാപിച്ചു.


തന്റെ അറിവോടെയല്ല അജിത് പവാര്‍ പാര്‍ട്ടി വിട്ടത് എന്ന് വ്യക്തമാക്കി ശരദ് പവാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. തന്റെ അനുഗ്രഹത്തോടെയാണ് അജിത് പവാര്‍ പാര്‍ട്ടി പിളര്‍ത്തിയത് എന്നു പറയുന്നത് നീചമായ കാര്യമാണ്. ബുദ്ധി സ്ഥിരതയില്ലാത്തവര്‍ക്കേ ഇത്തരമൊരു കാര്യം പറയാന്‍ സാധിക്കുള്ളു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സംസ്ഥാനമൊട്ടാകെ യാത്ര നടത്താനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകരെ ശക്തിപ്പെടുത്താന്‍ സംസ്ഥാന പര്യടനത്തിന് പുറപ്പെടുകയാണ്. ചില നേതാക്കള്‍ ചെയ്തതില്‍ അവര്‍ക്ക് നിരാശ തോന്നരുത്- അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് സ്ഥാനം കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ളത്. പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് അവര്‍ അവകാശം ഉന്നയിക്കുന്നതില്‍ കഴമ്ബുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News