ഏക സിവില്‍ കോഡ്: കോണ്‍ഗ്രസ് ഒപ്പം ഉണ്ടാകുമെന്ന് മുസ്ലിം സംഘടനകള്‍ക്ക് ഉറപ്പു നല്‍കി താരിഖ് അൻവർ

  • 04/07/2023

ഡല്‍ഹി: ഏക സിവില്‍ കോഡ് വിഷയത്തില്‍ കേരളത്തിലെ മുസ്‌ലിം സംഘടനകളുമായി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അൻവര്‍ ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് ഒപ്പം ഉണ്ടാകുമെന്ന് മുസ്ലിം സംഘടനകള്‍ക്ക് ഉറപ്പു നല്‍കി. 2018ലെ ദേശീയ നിയമ കമ്മീഷൻ റിപ്പോര്‍ട്ടിന് അനുകൂലമായ നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുന്നതായും താരിഖ് അൻവര്‍ സംഘടനകളെ അറിയിച്ചു.


ഏകസിവില്‍കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് മൗനം തുടരുന്നുവെന്ന ആക്ഷേപം സിപിഎം അടക്കം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ നീക്കം. ഫോണിലൂടെയാണ് കേരളത്തിലെ മുസ്‌ലിം സംഘടനകളുമായി താരിഖ് അൻവര്‍ ചര്‍ച്ച നടത്തിയത്. ഏകസിവില്‍കോഡ് രാജ്യത്ത് വേണ്ട എന്ന കാര്യം 2018ലെ ദേശീയ നിയമ കമ്മീഷൻ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് താരിഖ് അൻവര്‍ ചൂണ്ടിക്കാട്ടി. ഈ നിലപാട് തന്നെയാണ് കോണ്‍ഗ്രസിനുള്ളതെന്നും അതിനാല്‍ മുസ്‌ലിം സംഘടനകള്‍ക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏകസിവില്‍കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ നിന്നാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നത്. എന്നാല്‍, കരട് രേഖ പുറത്തിറങ്ങിയ ശേഷം നിലപാട് അറിയിക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. പിന്നാലെ, രൂക്ഷവിമര്‍ശനവുമായി സിപിഎം അടക്കം രംഗത്തെത്തി. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് മുസ്‌ലിം സംഘടനകളുമായി താരിഖ് അൻവര്‍ ചര്‍ച്ച നടത്തിയത്.

Related News