ആടിനെ ബലി നൽകി, അതേ ആടിന്റെ കണ്ണ് ഭക്ഷിച്ച ഉടമയ്ക്ക് ദാരുണാന്ത്യം

  • 04/07/2023

സുരാജ്പുര്‍: മൃഗബലിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ രാജ്യത്ത് തുടരുന്നതിനിടെ ഛത്തീസ്ഗഡില്‍ നിന്നുള്ള ഒരു മരണ വാര്‍ത്ത നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ആടിനെ ബലി നല്‍കിയതിന് പിന്നാലെ അതേ ആടിന്‍റെ മാംസം ഭക്ഷിക്കവേയാണ് ഛത്തീസ്ഗഡിലെ സുരാജ്പുരില്‍ ഒരു അമ്ബതുകാരൻ മരണപ്പെട്ടത്.


ബഗര്‍ സായി എന്ന 50 കാരനാണ് ഒരു ആടിനെ ക്ഷേത്രത്തില്‍ ബലിയര്‍പ്പിക്കാൻ തീരുമാനിച്ചത്. ബഗര്‍ സായി, മദൻപൂര്‍ ഗ്രാമത്തിലെ മറ്റ് നിവാസികള്‍ക്കൊപ്പം ഞായറാഴ്ച ഖോപാധാമിലെത്തി അവിടെ ആടിനെ ബലി നല്‍കുകയും ചെയ്തു.

ബലി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗ്രാമവാസികള്‍ ആടിന്‍റെ ഇറച്ചി പാകം ചെയ്ത് ഭക്ഷണം കഴിക്കാനായി ഇരുന്നു. ഇതിന് ശേഷം ബഗര്‍ പാകം ചെയ്ത മാംസത്തില്‍ നിന്ന് ആടിന്റെ കണ്ണ് എടുത്തു കഴിച്ചു. അത് വിഴുങ്ങാൻ ശ്രമിക്കുന്നതിനിടെ ആടിന്റെ കണ്ണ് ബഗറിന്‍റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ആടിന്‍റെ കണ്ണ് തൊണ്ടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ ബഗറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

Related News