ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ നിര്‍ണായക ഇടപെടലുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം

  • 04/07/2023

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ നിര്‍ണായക ഇടപെടലുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാന ബി.ജെ.പിക്ക് ഉള്ളിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാൻ ആണ് പുനഃസംഘടനയിലൂടെ ദേശീയ നേതൃത്വത്തിന്റെ ശ്രമം. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും സുപ്രധാന മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ് ബി.ജെ.പി.


കര്‍ണാടകയില്‍ ലഭിച്ച തിരിച്ചടിയുടെ ക്ഷീണം മറികടക്കാൻ തീവ്ര ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. തെലങ്കാന തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും നില മെച്ചപ്പെടുത്തി മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയാകാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ ശ്രമങ്ങള്‍ക്ക് വിലങ്ങ് തടിയാകുന്നത് പാര്‍ട്ടിക്കുള്ളിലെ പോരാണ്. ദേശീയ വക്താവ് ഉള്‍പ്പടെ രൂക്ഷമായി വിമര്‍ശിച്ച ബണ്ടി സഞ്ജയ് പ്രധാനമന്ത്രി ഒരിക്കല്‍ നേരിട്ട് അഭിനന്ദിച്ച സംസ്ഥാന അധ്യക്ഷനാണ്. ബി.ആര്‍.എസ് വിട്ട് വന്ന നേതാക്കളും ബണ്ടി സഞ്ജയും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെയാണ് പ്രസിഡന്റ് പദവിയിലേക്ക് കിഷൻ റെഡ്ഡിയെ ദേശീയ നേതൃത്വം നിയമിച്ചത്.

സ്ഥാനചലനം സംഭവിച്ച ബണ്ടി സഞ്ജയ്ക്ക് പ്രധാനമന്ത്രിയുടെ താല്‍പര്യം സംരക്ഷിക്കാനും പാര്‍ട്ടിക്കുള്ളിലെ വിമതഭീഷണി ഒഴിവാക്കാനും ദേശീയതലത്തില്‍ നിര്‍ണായക പദവി നല്‍കിയേക്കും. ഭരണം കയ്യിലുള്ള മഹാരാഷ്ട്രയിലും ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടാകും. എൻ.സി.പി വിട്ട പ്രഫുല്‍ പട്ടേലിനെ കേന്ദ്ര മന്ത്രിസഭയുടെ ഭാഗമാക്കാനുള്ള ആലോചനകള്‍ തുടരുകയാണ്. ആര്‍.എസ്.എസ് താല്‍പര്യം പരിഗണിച്ചാല്‍ സാധ്യത ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസിനാണ്. കേരള ബി.ജെ.പിയിലും മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. നേതൃമാറ്റം ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ പരിഗണനയില്‍ ഇല്ലെങ്കിലും മറ്റ് പദവികളില്‍ അഴിച്ചുപണിക്ക് സാധ്യത ഉണ്ട്. തമിഴ്‌നാട്ടില്‍ കൂടെ നില്‍ക്കുന്ന സഖ്യ കക്ഷികള്‍ക്ക് അപ്രധാന വകുപ്പുകള്‍ നല്‍കി മന്ത്രിസഭയിലേക്ക് കൊണ്ടുവരാനും ബി.ജെ.പി നീക്കം നടത്തുന്നുണ്ട്.

Related News