ശരദ് പവാറിനെ നീക്കി, 'അജിത് പവാർ എൻസിപി അധ്യക്ഷൻ'; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി അജിത് വിഭാഗം

  • 05/07/2023

മുംബൈ: എൻസിപി പിളർന്നതോടെ ശരദ് പവാറിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി അജിത് പവാർ പക്ഷം. അജിത്ത് പവാർ എൻസിപി അധ്യക്ഷനാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ അജിത് പവാർ വിഭാഗം അറിയിച്ചു. ദേശീയ വർക്കിംഗ് പ്രസിഡണ്ട് പ്രഫുൽ പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ചാണ് അജിത് പവാറിനെ പാർട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. അതേസമയം, പാർട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള പോരാട്ടവും തുടങ്ങിയിരിക്കുകയാണ്. 

ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ശരദ് പവാർ- അജിത് പവാർ പക്ഷങ്ങൾ. പാർട്ടിയിൽ അവകാശവാദം ഉന്നയിച്ച് ഇരുവിഭാഗങ്ങളും കത്ത് നൽകി. അതേസമയം, 40 എംഎൽഎമാരുടെ പിന്തുണ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ് അജിത് പവാർ. എൻ സിപി പിളർത്തി മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിനൊപ്പം ചേർന്ന അജിത് പവാർ, ശരദ് പവാറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ശരദ് പവാർ വിരമിക്കണം. 83 വയസ്സായി. എന്നാണ് ഇതൊക്കെ നിർത്തുക റിട്ടയർമെൻറ് പ്രായം എല്ലാവർക്കും ഉണ്ട് .ഐഎഎസ്സുകാർ 60 വയസ്സിൽ വിരമിക്കുന്നുവെന്നും ബിജെപിയിലും ഉണ്ട് 75 വയസ് വിരമിക്കൽ പ്രായമെന്നും അദ്ദേഹം പറഞ്ഞു. 

എൻസിപിയിലെ ഇരു വിഭാഗവും ഇന്ന് തങ്ങളുടെ ശക്തി പ്രകടിപ്പിക്കാൻ മുംബൈയിൽ പ്രത്യേകം യോഗങ്ങൾ സംഘടിപ്പിച്ചു. അജിത് പവാർ വിളിച്ച യോഗത്തിൽ 32 എംഎൽഎമാരും, ശരദ് പവാർ വിളിച്ച യോഗത്തിൽ 16 എംൽഎമാരും പങ്കെടുത്തു. 53 എംഎൽഎമാരാണ് എൻസിപിക്ക് മഹാരാഷ്ട്രയിലുള്ളത്. അയോഗ്യത ഒഴിവാക്കാൻ 36 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്.

Related News