ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം: പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് പൊലീസ്

  • 05/07/2023

ഭോപ്പാൽ: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി പ്രവേഷ് ശുക്ലയുടെ വീട് പൊലീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. സർക്കാരിന്റെ ഉത്തരവിനെ തുടർന്നാണ് വീട് തകർത്തത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് വീട് തകർത്തത്. സംഭവം മുമ്പ് നടന്നതാണെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വിവാദത്തിന് വേണ്ടിയാണ് പ്രതിയുടെ വീട്ടുകാർ ആരോപിച്ചു. 

ആദിവാസി യുവാവിന്റെ മേൽ മൂത്രമൊഴിച്ച സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ദേശീയ സുരക്ഷ നിയമ പ്രകാരമാണ് കേസെടുത്ത് റേവ ജയിലിൽ അയച്ചു. സിദ്ധി ജില്ലയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. നിലത്തിരിക്കുന്ന ആദിവാസി യുവാവിന്റെ മുഖത്തേക്ക് ഇയാൾ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും രൂക്ഷമായ വിമർശനമുയരുകയും ചെയ്തിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ടെയുടൻ കർശന നടപടിയെടുത്ത് പ്രതിയെ പിടികൂടാൻ നിർദേശം നൽകിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു. ഐപിസി 294, 504 വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തി. കുബ്രിയിലെ വീട്ടിൽ നിന്ന് പുലർച്ചെ 2.30ഓടെയാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. പ്രതിക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു. സിദ്ധി എംഎൽഎ കേദാർനാഥ് ശുക്ലയുടെ അടുത്തയാളാണെന്നും കോൺഗ്രസ് ആരോപിച്ചു. എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണം എംഎൽഎ നിഷേധിച്ചു. ഇയാൾ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നയാളല്ലെന്നും അംഗത്വം പോലുമില്ലെന്നും എംഎൽഎ വിശദീകരിച്ചു.

അതേസമയം, ഇയാൾക്ക് ബിജെപിയുമായും എംഎൽഎയുമായും ബന്ധമുണ്ടെന്ന് കോൺഗ്രസ് ആവർത്തിച്ചു. ഇയാൾ എംഎൽഎക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സഹിതമാണ് കോൺഗ്രസിന്റെ ആരോപണം. ഈ സംഭവം രാജ്യത്തിനും മധ്യപ്രദേശിനും നാണക്കേടായെന്ന് പിസിസി പ്രസിഡന്റ് കമൽനാഥ് പറഞ്ഞു. ഭോപ്പാലിന് 650 കിലോമീറ്ററ് അകലെയാണ് സംഭവം നടന്ന കുബ്രി. അതിക്രമത്തിനിരയായ ആദിവാസി യുവാവും പ്രദേശവാസിയാണ്.

Related News