: തെളിവായിരുന്ന കഞ്ചാവ് മുഴുവൻ എലി തിന്നു; പ്രതികളെ വെറുതെ വിട്ട് കോടതി

  • 05/07/2023

ചെന്നൈ: തെളിവായിരുന്ന കഞ്ചാവ് മുഴുവൻ എലി തിന്നതിനെ തുടര്‍ന്ന് കേസില്‍ പ്രതികളായിരുന്ന രണ്ട് പേരെ കോടതി വെറുതെ വിട്ടു. സ്പെഷ്യല്‍ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കോടതിയാണ് ചൊവ്വാഴ്‍ച തെളിവിന്റെ അഭാവത്തില്‍ പ്രതികളെ വെറുതെ വിട്ടത്. 2020ലാണ് 22 കിലോ കഞ്ചാവുമായി രാജഗോപാല്‍, നാഗേശ്വര റാവു എന്നിവരെ ചെന്നൈയില്‍ മറീന പൊലീസ് അറസ്റ്റ് ചെയ്യുന്നത്.


ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്‌തു. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത 50 ഗ്രാം കഞ്ചാവ് പൊലീസ് കോടതിയില്‍ തെളിവായി സമര്‍പ്പിച്ചു. 50 ഗ്രാം ഫോറൻസിക് പരിശോധനകള്‍ക്കായി അയച്ചതായും കോടതിയെ അറിയിച്ചു. എന്നാല്‍ ബാക്കി 21.9 കിലോ കഞ്ചാവ് എവിടെ എന്ന് കോടതി തിരക്കി. അത് എലി തിന്നു എന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

ചാര്‍ജ്ജ് ഷീറ്റില്‍ പൊലീസ് പറഞ്ഞ കഞ്ചാവ് തെളിവായി സമര്‍പ്പിക്കാൻ കഴിയാതെ വന്നതോടെയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. പൊലീസ് കസ്റ്റഡിയിലിരിക്കുന്ന കഞ്ചാവ് ആദ്യമായല്ല എലി തിന്നു തീര്‍ക്കുന്നത്. യുപിയിലും സമാനമായ സംഭവമുണ്ടായിട്ടുണ്ട്. അന്ന് വിവിധ കേസികളില്‍ പിടിച്ചെടുത്ത 581 കിലോ കഞ്ചാവാണ് എലി തിന്നു എന്ന് പൊലീസ് കോടതിയെ അറിയിച്ചത്.

Related News