ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ച സംഭവം; യുവാവിന്റെ കാൽ കഴുകി ക്ഷമാപണം നടത്തി ശിവരാജ് സിങ് ചൗഹാൻ

  • 06/07/2023

ഭോപ്പാൽ: മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ച സംഭവത്തിൽ ആദിവാസി യുവാവിന്റെ കാൽ കഴുകി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഭോപ്പാലിൽ മുഖ്യമന്ത്രിയുടെ വസതിയിൽ വച്ചാണ് ആദിവാസി യുവാവായ ദഷ്മത് റാവത്തിനെ ശിവരാജ് സിങ് ചൗഹാൻ കണ്ടത്. വ്യാഴാഴ്ചയാണ് ആദിവാസി യുവാവിൻറെ കാലു കഴുകിയ ശേഷം മുഖ്യമന്ത്രി ക്ഷമാപണം നടത്തിയത്. പ്രവേശ് ശുക്ല എന്നയാളാണ് ആദിവാസി യുവാവിൻറെ മുഖത്ത് മൂത്രമൊഴിച്ചത്. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും  സർക്കാർ ഇയാളുടെ വീടിൻറെ ഒരു ഭാഗം ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയും ചെയ്തിരുന്നു. അനധികൃത നിർമ്മാണമെന്ന് കാണിച്ചായിരുന്നു നടപടി.

ഇതിന് ശേഷവും സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം തണുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ആദിവാസി യുവാവിനെ മുഖ്യമന്ത്രി നേരിട്ട് കാണുന്നത്. ഭോപ്പാലിലെ സ്മാർട് സിറ്റി പാർക്കിൽ യുവാവിനൊപ്പമെത്തിയ മുഖ്യമന്ത്രി വൃക്ഷ തൈ നട്ടിരുന്നു. യുവാവിന് നേരിട്ട അപമാനത്തിലും അക്രമത്തിലും അതീവ ദുഖമുണ്ടെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശ് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയം 294, 504 അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രവേശ് ശുക്‌ളയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സാമുദായിക ഐക്യം തകർക്കാനുള്ള ശ്രമത്തിനും അശ്ലീലത പ്രദർശനം ആദിവാസി വിഭാഗങ്ങൾക്കെതിരായ അതിക്രമം അടക്കമുള്ളവയാണ് ശുക്‌ളയ്‌ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. മധ്യപ്രദേശിലെ സിദ്ധിയിൽ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോ വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.

നിലത്തിരിക്കുന്ന ആദിവാസി യുവാവിന്റെ മുഖത്തേക്ക് ഇയാൾ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളുമാണ് പുറത്ത് വന്നത്. പ്രവേശ് സിദ്ധിയിലെ ബിജെപി പ്രവർത്തകനാണെന്നും കേദാർ ശുക്ലയുടെ സഹായി ആണെന്നും നിരവധി പ്രതിപക്ഷ നേതാക്കൾ ആരോപണം ഉയർത്തിയിരുന്നു. പ്രവേശ് ശുക്ലയുടെ പിതാവ് ഇത് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ തനിക്ക് മൂന്ന് സഹായികളാണ് ഉള്ളതെന്നും പ്രവേശ് അവരിൽ ഒരാളല്ലെന്നും പ്രവേശുമായി തനിക്ക് ബന്ധമില്ലെന്നും  കേദാർ പ്രതികരിച്ചിരുന്നു.

Related News