യാത്രയയപ്പിന്‍റെ ഭാഗമായുള്ള കുര്‍ബാനയ്ക്കിടെ അബ്ദുള്‍ കലാമിന്റെ വാചകം പറഞ്ഞ് ഫ്രാങ്കോ മുളക്കല്‍

  • 08/07/2023

ജലന്ധര്‍: യാത്രയയപ്പിന്‍റെ ഭാഗമായുള്ള കുര്‍ബാനയ്ക്കിടെ അബ്ദുള്‍ കലാമിന്റെ വാചകം പറഞ്ഞ് ഫ്രാങ്കോ മുളക്കല്‍. എല്ലാവര്‍ക്കും ഒരു ലക്ഷ്യം ഉണ്ടാവണം എന്ന് കലാം പറഞ്ഞിട്ടുണ്ട്. മിഷനറി ആകണം എന്നതായിരുന്നു തന്റെ ലക്ഷ്യം. കുടുംബത്തിന്റെ എതിര്‍പ്പ് മറി കടന്നും താന്‍ മിഷനറി ആയിയെന്നും ഫ്രാങ്കോ മുളക്കല്‍ പറഞ്ഞു. ദൈവമാണ് തന്നെ ജലന്ധറിലേക്ക് അയച്ചത്. വൈദികനും ബിഷപ്പുമായി നിരവധി പദവികളും വഹിച്ചു. രാഷ്ട്രീയപരമായി സമുദായം ശക്തിപ്പെടണമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പ്രസംഗമധ്യേ പറഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണക്കണം. കോണ്‍ഗ്രസിനെയോ, ബിജെപിയെയോ അകാലിദളിനെയോ പിന്തുണയ്ക്കണം. ഒരു ദിവസം എം എല്‍ എ യെ യോ മന്ത്രിയോ മുഖ്യമന്ത്രിയോ ക്രിസ്ത്യൻ വിഭാഗത്തില്‍ നിന്നും ഉണ്ടാകാം.


തനിക്ക് എതിരെ ഉണ്ടായത് കള്ള കേസാണെന്ന് ഫ്രാങ്കോ പറഞ്ഞു. ഞാൻ ദൈവത്തോടെ ചോദിച്ചു. തെറ്റ് ഒന്നും ചെയ്യാത്ത നീ എന്തിന് ഭയക്കണം എന്ന് ദൈവം പറഞ്ഞതെന്നും ഫ്രാങ്കോ പറഞ്ഞു. പ്രാര്‍ത്ഥനയും ദേശീയ, അന്തര്‍ ദേശീയ മാധ്യമങ്ങളുടെ പിന്തുണയും കൊണ്ട് എന്നെ വെറുതെ വിട്ടു. വെറുതെ വിട്ടപ്പോള്‍ ലോക കപ്പ് ജയിച്ച പോലെയാണ് തോന്നിയത്. ഇപ്പോള്‍ ജലന്ധറിലെ ദൗത്യം പൂര്‍ത്തിയായിയെന്നും ഫ്രാങ്കോ പറഞ്ഞു. ബിഷപ്പ് സ്ഥാനം രാജിവെച്ച ഫ്രാങ്കോ മുളക്കലിന് ജലന്ധറിലെ സെന്‍റ് മേരിസ് കത്തീഡ്രല്‍ പള്ളിയില്‍ വച്ചാണ് യാത്രയപ്പ് ചടങ്ങ് നടക്കുന്നത്. യാത്രയയപ്പ് ചടങ്ങ് നടക്കുന്ന സെന്റ് മേരിസ് കത്തീഡ്രലിന് പുറത്ത് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. പൊലീസിനെയും കലാപ വിരുദ്ധ സേനയേയുമാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. മഴ മൂലം വൈകി ആരംഭിച്ച ചടങ്ങിലേക്ക് എത്തിയ ഫ്രാങ്കോയ്ക്ക് മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്.

യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കണമെന്ന് രൂപതയിലെ വൈദികരോടും കന്യാസ്ത്രീകളോടും വിശ്വാസികളോടും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് അഗ്നേലോ ഗ്രേഷ്യസ് സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ കുറ്റവിമുക്തൻ ആയെങ്കിലും വിധിക്കെതിരായ അപ്പീല്‍ കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഫ്രാങ്കോ മുളക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചത് വത്തിക്കാൻ നിര്‍ദേശപ്രകാരമാണ് ഫ്രാങ്കോ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞതെന്നാണ് സഭാവൃത്തങ്ങള്‍ വിശദമാക്കിയത്. ജലന്ധ‍ര്‍ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് രാജി പ്രഖ്യാപിച്ചുള്ള വീഡിയോ സന്ദേശത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ വാദിച്ചത്.

Related News