വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗങ്ങളെ ഏക സിവില്‍ കോഡില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹം

  • 08/07/2023

ദില്ലി : വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗങ്ങളെ ഏക സിവില്‍ കോഡില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാതെ ആഭ്യന്തര മന്ത്രാലയം. പാര്‍ലമെന്‍റിന്‍റെ നിയമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തന്നെ അത്തരമൊരു നിര്‍ദ്ദേശം മുന്‍പോട്ട് വച്ചെങ്കിലും കരുതലോടെ നീങ്ങിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.


ഏക സിവില്‍ കോഡിനെതിരെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാണ്. നാഗാലന്‍ഡ് മുഖ്യമന്ത്രി നെഫ്യൂറിയോയുടെ നേതൃത്വത്തില്‍ ഭരണകക്ഷിയംഗങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കണ്ട് ആശങ്കയറിയിച്ചു. ഗോത്രവിഭാഗങ്ങളെയും, ക്രിസ്ത്യന്‍ സമുദായത്തെയും സിവില്‍ കോഡില്‍ നിന്ന് ഒഴിവാക്കാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി സംഘം വ്യക്തമാക്കിയെങ്കിലും ആഭ്യന്തരമന്ത്രാലയം ഇതുവരെയും പ്രതികരണത്തിന് തയ്യാറായിട്ടില്ല.

സിവില്‍ കോഡിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാര്‍ലമെന്‍റിന്‍റെ നിയമകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി അധ്യക്ഷന്‍ സുശീല്‍ മോദിയും ഗോത്രവിഭാഗങ്ങളെ ഒഴിവാക്കിയാലോ എന്ന ആലോചന മുന്‍പോട്ട് വച്ചിരുന്നു. എന്നാല്‍ കരുതലോടെ നീങ്ങിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഏതെങ്കിലും വിഭാഗങ്ങളെ ഒഴിവാക്കുമെന്ന പ്രചാരണം മറ്റുള്ളവര്‍ക്കിടയിലെ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഘടകക്ഷികള്‍ക്കിടയില്‍ നിന്ന് തന്നെ ഉയരുന്ന കടുത്ത എതിര്‍പ്പിനെ എങ്ങനെ മറികടക്കുമെന്നതും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. കേരളമടക്കം മറ്റ് സംസ്ഥാനങ്ങളില്‍ ഉയരുന്ന പ്രതിഷേധവും കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്.

Related News