കുട്ടികളാകുന്നില്ലേയെന്ന് നിരന്തരം ചോദ്യം; അയല്‍വാസികളെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് 46 കാരൻ

  • 09/07/2023

ലുധിയാന: കുട്ടികളാകുന്നില്ലേയെന്ന് നിരന്തരം ചോദിച്ച്‌ ശല്യപ്പെടുത്തിയ അയല്‍വാസികളെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് 46 കാരൻ. പഞ്ചാബിലെ ലുധിയാനയിലുള്ള റോബിൻ എന്ന മുന്നയാണ് വയോധികരായ മൂന്ന് അയല്‍വാസികളെ കൊലപ്പെടുത്തിയത്.


ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം. വെള്ളിയാഴ്ച്ചയാണ് കൊലപാതകം പുറത്തറിയുന്നത്. റോബിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അയല്‍വാസികളായ സ്ത്രീയും അവരുടെ ഭര്‍ത്താവും അമ്മായിയമ്മയുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് കമ്മീഷണര്‍ മൻദീപ് സിംഗ് സിദ്ദു സ്ഥിരീകരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരീന്ദര്‍ കൗര്‍ (70), ചമൻ ലാല്‍(75), ചമൻ ലാലിന്റെ 90 വയസ്സുള്ള അമ്മ സുര്‍ജീത് കൗര്‍എന്നിവരാണ് മരിച്ചത്.

ഓട്ടോറിക്ഷ ഡ്രൈവറാണ് റോബിൻ. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും ഇയാള്‍ക്കും ഭാര്യയ്ക്കും കുട്ടികളുണ്ടായിരുന്നില്ല. കുട്ടികള്‍ വേണമെന്നും ചികിത്സ നടത്തണമെന്നും അയല്‍വീട്ടിലെ കുടുംബം നിരന്തരം റോബിനോട് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.

ഭാര്യയുടെ മുന്നില്‍ വെച്ച്‌ കൗര്‍ ഇത് വീണ്ടും പറഞ്ഞതോടെ റോബിൻ പ്രകോപിതനായി. ഇതോടെ ഇവരുടെ വീട്ടിലെത്തി ചുറ്റിക കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. കൊലപാതകത്തിനു ശേഷം അപകട മരണമാണെന്ന് വരുത്തി തീര്‍ക്കാൻ ഇയാള്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു. ഇതിനായി അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ തുറന്ന് തീയിട്ട് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു.

വെള്ളിയാഴ്ച്ച രാവിലെ പാല്‍ക്കാരൻ എത്തിയപ്പോഴാണ് കൊലപാതകം പുറംലോകം അറിഞ്ഞത്. കഴിഞ്ഞ ദിവസവും വീട്ടില്‍ ആളനക്കമുണ്ടായിരുന്നില്ലെന്ന് പാല്‍ക്കാരനാണ് അയല്‍ക്കാരെ അറിയിച്ചത്. ഇതോടെ നടത്തിയ പരിശോധനയിലാണ് മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസ് അയല്‍വാസികളെ ചോദ്യം ചെയ്തപ്പോള്‍ കൂട്ടത്തില്‍ റോബിനും ഉണ്ടായിരുന്നില്ല. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. തനിക്കൊപ്പം ഭാര്യയേയും അറസ്റ്റ് ചെയ്യണമെന്നും താൻ ജയിലിലായാല്‍ ഭാര്യ തനിച്ചാകുമെന്നുമായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

Related News