ഓണ്‍ലൈനില്‍ സമൂസ ഓര്‍ഡര്‍ ചെയ്തു, പിന്നാലെ അക്കൗണ്ടില്‍ നിന്നും 1.40 ലക്ഷം രൂപ നഷ്ടമായതായി ഡോക്ടറുടെ പരാതി

  • 11/07/2023

മുംബൈ: ഓണ്‍ലൈനില്‍ സമൂസ ഓര്‍ഡര്‍ ചെയ്തതിനു പിന്നാലെ അക്കൗണ്ടില്‍ നിന്നും 1.40 ലക്ഷം രൂപ നഷ്ടമായതായി ഡോക്ടറുടെ പരാതി. മുംബൈയിലെ സിവിക് റണ്‍ കെഇഎം ആശുപത്രിയിലെ ഡോക്ടറാണ് സിയണിലെ ഒരു ജനപ്രിയ ഭക്ഷണശാലയില്‍ നിന്ന് 25 പ്ലേറ്റ് സമൂസകള്‍ ഓര്‍ഡര്‍ ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 8.30നും 10.30നും ഇടയിലാണ് സംഭവം.


" ഡോക്‌ടറും സഹപ്രവര്‍ത്തകരും കര്‍ജാത്തില്‍ ഒരു പിക്‌നിക് പ്ലാൻ ചെയ്യുകയും യാത്രയ്‌ക്കായി സമൂസ ഓര്‍ഡര്‍ ചെയ്യുകയും ചെയ്‌തു. ഓണ്‍ലൈനില്‍ ഭക്ഷണശാലയുടെ നമ്ബര്‍ കണ്ടെത്തി അദ്ദേഹം ഓര്‍ഡര്‍ നല്‍കുകയായിരുന്നു. നമ്ബരില്‍ വിളിച്ചപ്പോള്‍ മറുപടി നല്‍കിയയാള്‍ 1500 രൂപ മുൻകൂറായി നല്‍കാൻ ആവശ്യപ്പെട്ടു" പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. "തുടര്‍ന്ന് ഡോക്‌ടര്‍ക്ക് ഒരു വാട്ട്‌സ്‌ആപ്പ് സന്ദേശം ലഭിച്ചു, അതില്‍ ഓര്‍ഡറിന്റെ സ്ഥിരീകരണവും ഓണ്‍ലൈനായി പണം അടക്കാനുള്ള ബാങ്ക് അക്കൗണ്ട് നമ്ബറും ഉണ്ടായിരുന്നു. ആദ്യം ഡോക്‌ടര്‍ 1500 രൂപ അയച്ചു. എന്നാല്‍ പണമിടപാടിനായി ഒരു ഐഡി ഉണ്ടാക്കണമെന്ന് മറുവശത്തുള്ളയാള്‍ ഡോക്‌ടറോട്‌ പറഞ്ഞു. ഇതിനിടയിലാണ് അദ്ദേഹത്തിന് ആദ്യം 28,807 രൂപയും പിന്നീട് മൊത്തം 1.40 ലക്ഷം രൂപയും നഷ്‌ടമായി" പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു.

തട്ടിപ്പിന് ഇരയായ ഡോക്‌ടറുടെ പരാതിയില്‍ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ഇൻഫര്‍മേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരവും ഭോയ്‌വാഡ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related News