വീട്ടുജോലി ചെയ്ത് പഠിപ്പിച്ച്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാക്കിയ ഭാര്യയെ ഉപേക്ഷിച്ച്‌ യുവാവ്

  • 11/07/2023

ഭോപ്പാല്‍: വീട്ടുജോലിയും മറ്റ് ചെറിയ ജോലികളും ചെയ്ത് തന്നെ പഠിപ്പിച്ച്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാക്കിയ ഭാര്യയെ ഉപേക്ഷിച്ച്‌ യുവാവ്. മധ്യപ്രദേശിലാണ് സംഭവം. കമ്രു ഹാത്തിലെ എന്നയാള്‍ക്കെതിരെയാണ് ഭാര്യയായ മമത രംഗത്തെത്തിയിരിക്കുന്നത്. ഭര്‍ത്താവിനെ പഠിപ്പിക്കാനും മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കാനുമായി കുടുംബത്തിന്റെ ചുമതല മുഴുവൻ താൻ ഏറ്റെടുക്കുകയായിരുന്നെന്നാണ് മമത പറയുന്നു. ഒടുവില്‍ മത്സരപരീക്ഷയില്‍ വിജയിച്ച്‌ കൊമേഴ്സ്യല്‍ ടാക്സ് ഓഫീസറായ ശേഷം ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ച്‌ മറ്റൊരു സ്ത്രീയുടെ കൂടെ പോയെന്നാണ് പോയെന്നാണ് ദേവാസ് സ്വദേശിനിയായ മമതയുടെ ആരോപണം.


മമതയും കമ്രുവും 2015 ലാണ് പ്രണയിച്ച്‌ വിവാഹം ചെയ്തത്. ബിരുദധാരിയാണെങ്കിലും കമ്രുവിന് ആ സമയത്ത് ജോലിയൊന്നും ഇല്ലായിരുന്നു. എന്നാല്‍ മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ മമതയാണ് നിര്‍ദേശിച്ചത്. പഠിക്കാനുള്ള പണം മുഴുവൻ താൻ തരാമെന്നും അവള്‍ ഭര്‍ത്താവിനോട് പറഞ്ഞു.

നിരവധി വീടുകളില്‍ പാത്രം കഴുകിയും അടിച്ചുവാരിയുമാണ് ഭര്‍ത്താവിന് പഠിക്കാനുള്ള പണം കണ്ടെത്തിയത്. ഇതിന് പുറമെ കടകളില്‍ ജോലി ചെയ്തിരുന്നതിനാല്‍ ഭര്‍ത്താവിന് പഠിക്കാനായി പുസ്തകങ്ങളും നോട്ടുകളും ലഭിക്കുമായിരുന്നെന്നും മമത പറയുന്നു. ഒടുവില്‍ കമ്രു പരീക്ഷ പാസായി 2019-20 ല്‍ വാണിജ്യ നികുതി ഓഫീസറായി ചുമതലയേറ്റു.രത്ലാമിലാണ് കമ്രുവിന് നിയമനം ലഭിച്ചത്. ഇവിടെ വെച്ച്‌ കണ്ടുമുട്ടിയ ഒരു സ്ത്രീയുമായി അയാള്‍ അടുപ്പത്തിലായെന്നും ഒരുമിച്ച്‌ താമസം തുടങ്ങിയെന്നും ഭാര്യ പറയുന്നു. തന്നെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചിരിക്കുകയാണെന്നും മമത പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, സമാനമായ സംഭവം ഉത്തര്‍പ്രദേശിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍ ഇവിടെ ഭാര്യയെ പഠിപ്പിച്ച്‌ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായ ശേഷം ഉപേക്ഷിച്ച്‌ പോയെന്നാണ് ഭര്‍ത്താവിന്‍റെ പരാതി. ജ്യോതി മൗര്യയെന്ന യുവതിയുടെ പഠനത്തിനും മത്സരപരീക്ഷകള്‍ക്കും പണം കണ്ടെത്താന്‍ താന്‍ തൂപ്പുകാരനായി ജോലി ചെയ്തെന്നും ഭര്‍ത്താവ് അലോക് മൗര്യ പറയുന്നു. എന്നാല്‍ ജോലി കിട്ടിയ ശേഷം വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചെന്നാണ് അലോക് മൗര്യയുടെ പരാതി.

Related News