കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റ കൂടി ചത്തു; നാല് മാസത്തിനിടെ ചത്തത് വിദേശത്തു നിന്നെത്തിച്ച ഏഴ് ചീറ്റകൾ

  • 11/07/2023

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റ കൂടി ചത്തു. ഇതോടെ നാല് മാസത്തിനിടെ ഇവിടെ ചത്ത ചീറ്റകളുടെ എണ്ണം ഏഴായി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തേജസ് എന്ന ആൺ ചീറ്റ ചത്തതെന്ന് അധികൃതർ അറിയിച്ചു. രാവിലെ 11 മണിയോടെ ഇതിന്റെ ശരീരത്തിൽ മുറിവ് കണ്ടെത്തുകയും ഉടൻ തന്നെ ഡോക്ടർമാരെ വിവരമറിയിക്കുകയും ചെയ്തിരുന്നു. ഡോക്ടർമാർ ചീറ്റയെ മയക്കാനുള്ള മരുന്നു നൽകി ചികിത്സ ആരംഭിച്ചിരുന്നു. പരിക്കുകൾ എങ്ങനെ ഉണ്ടായെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ എന്നും പ്രിൻസിപ്പൽ ചീഫ് ഫോറൻസ്റ്റ് കൺസർവേറ്റർ ജെ.എസ് ചൗഹാൻ പറഞ്ഞു. 

സാഷ എന്ന് പേരിട്ടിരുന്ന ഒരു പെൺ ചീറ്റ മാർച്ച് 27ന് വൃക്ക രോഗത്തെ തുടർന്ന് ചത്തിരുന്നു. പിന്നീട് ഏപ്രിൽ 23ന് ഉദയ് എന്ന മറ്റൊരു ആൺ ചീറ്റ ഹൃദയ - ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കാരണവും ചത്തു. മേയ് ഒൻപതിന് മറ്റൊരു ചീറ്റയുടെ ആക്രമണത്തിൽ ഒരു പെൺ ചീറ്റ ചത്തു. മേയ് 25ന് രണ്ട് ചീറ്റ കുഞ്ഞുങ്ങളും ചത്തു. കടുത്ത കാലാവസ്ഥ സഹിക്കാനാവാത്തതും നിർജലീകരണവുമാണ് അതിന് അന്ന് കാരണമായി പറഞ്ഞത്.

നമീബിയയിൽനിന്നും സൗത്താഫ്രിക്കയിൽനിന്നും കൊണ്ടുവന്ന 20 ചീറ്റകളെയാണ് മധ്യപ്രദേശിൽ സംരക്ഷിക്കുന്നത്. ചീറ്റ പദ്ധതിയുടെ മേൽനോട്ടത്തിനായി കേന്ദ്ര സർക്കാർ മേയ് അവസാനം ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോ?ഗസ്ഥരും വന്യജീവി വിദഗ്ധരും ഉൾപ്പെടുന്ന 11 അംഗ സമിതിയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ചത്.

Related News