സില്‍വര്‍ലൈൻ പദ്ധതി: പുതിയ നീക്കം സിപിഎം-ബിജെപി ഡീലാണെന്ന് കെ സി വേണുഗോപാല്‍

  • 13/07/2023

തിരുവനന്തപുരം: സില്‍വര്‍ലൈൻ പദ്ധതി നടപ്പാക്കാനുള്ള പുതിയ നീക്കത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സില്‍വര്‍ലൈൻ പദ്ധതി നടപ്പാക്കാനായുള്ള പുതിയ നീക്കം സിപിഎം-ബിജെപി ഡീലാണെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്തു വന്നു. മോദി-പിണറായി അവിശുദ്ധ ബന്ധത്തിന്റെ പാലമാണ് കെ വി തോമസെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.


സില്‍വര്‍ ലൈൻ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എതിര്‍പ്പുമായി രംഗത്തെത്തിയത്. ഇ ശ്രീധരന്‍റെ ബദല്‍ നിര്‍ദ്ദേശങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്ത് മുന്നോട്ടുപോകാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടൻ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. കെ റെയില്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും എന്നാണ് സൂചന. ശ്രീധരന്റെ നിര്‍ദേശത്തില്‍ കെ റെയില്‍ കോര്‍പറേഷന്റെ അഭിപ്രായം കൂടി തേടും. ഡിപിഐര്‍ മാറ്റുന്നതടക്കം പരിഗണനയിലുണ്ട്. ബിജെപി പിന്തുണച്ചതോടെ കേന്ദ്രാനുമതി കിട്ടുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്‍റെ പ്രതീക്ഷ.

കേന്ദ്രം ചുവപ്പ് സിഗ്നല്‍ കാണിച്ചതോടെ വിസ്മൃതിയിലായ കെ റെയില്‍ പുതുക്കിയ പാളത്തിലൂടെ ഓടിക്കാൻ ഒരുങ്ങുകയാണ് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ദില്ലിയിലെ കേരളത്തിന്റെ സ്പെഷല്‍ ഓഫീസര്‍ പദവി വഹിക്കുന്ന പ്രൊഫ. കെ വി തോമസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് മെട്രോമാൻ ഇ ശ്രീധരൻ ബദല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിലവിലെ കെ റെയില്‍ പദ്ധതി അപ്രായോഗികമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡിപിആര്‍ തന്നെ മാറ്റണമെന്നും ഇ ശ്രീധരൻ പറയുന്നു. തുരങ്കപാതയും എലിവേറ്റഡ് പാതയുമാണ് മറ്റൊരു ബദല്‍. ഇത് വഴി ചെലവ് വൻതോതില്‍ കുറയും, ഭൂമി വൻതോതില്‍ ഏറ്റെടുക്കേണ്ട. അതേസമയം വേഗത കൂട്ടാൻ സ്റ്റാൻഡേഡ് ഗേജ് ആക്കി തന്നെ നിലനിര്‍ത്തണമെന്നും ഇ ശ്രീധരൻ നിര്‍ദ്ദേശിച്ചു.

Related News