ഏക സിവില്‍കോഡില്‍ ഏകകണ്ഠമായ അഭിപ്രായം വേണം: മുഖ്യമന്ത്രി പിണറായി വിജയൻ

  • 13/07/2023

തിരുവനന്തപുരം : ഏക സിവില്‍കോഡില്‍ ഏകകണ്ഠമായ അഭിപ്രായം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂലൈ 20 ന് പാര്‍ലമെന്റ് സമ്മേളനം തുടങുന്നതിന് മുന്നോടിയായി വിളിച്ച എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. വ്യക്തിനിയമങ്ങളില്‍ കൂടിയാലോചനകള്‍ വേണം. തിടുക്കപ്പെട്ട തീരുമാനം ജനാധിപത്യ രീതിയല്ലെന്നും വിമര്‍ശനം.


'രാജ്യത്തെ നാനാജാതിമതസ്ഥരുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ വേണ്ട രീതിയില്‍ സ്വരൂപിക്കാതെ നടത്തുന്ന പ്രഖ്യാപനങ്ങള്‍ മത ന്യൂനപക്ഷങ്ങളുടെ ഇടയില്‍ വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്താതെ തിടുക്കത്തില്‍ തീരുമാനം കൈക്കൊള്ളുന്നത് ജനാധിപത്യ ഭരണരീതിക്ക് ഒട്ടും യോജിച്ചതല്ല.

രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എല്ലാ വിഭാഗങ്ങളുടെയും വിശ്വാസ്യതയും തുല്യ പങ്കാളിത്തവും അനിവാര്യമായിരിക്കെ, ചില ന്യൂനപക്ഷ വിഭാഗങ്ങളുടെ മനസ്സില്‍ ഭീതിയും ആശങ്കയും പരത്തി ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നടപടിയായി ഏക സിവില്‍ കോഡ് മാറരുത്. ഈ അഭിപ്രായം മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കുമുണ്ട്'. മതനിരപേക്ഷതയുടെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകാ സംസ്ഥാനമായ കേരളത്തിന്‍റെ വിവിധ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാര്‍ലമെന്‍റ് അംഗങ്ങള്‍ ഏകകണ്ഠമായ അഭിപ്രായം ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Related News