സിൽവർ ലൈനിലെ ബിജെപിയുടെ മലക്കംമറിച്ചിൽ: ഡീലിന്റെ ഭാഗമെന്ന് കോൺഗ്രസ്; വിവാദം

  • 13/07/2023

തിരുവനന്തപുരം: ഇ ശ്രീധരൻറെ ബദൽ നിർദേശം വന്നതോടെ, സിൽവർ ലൈനിൽ ബിജെപിയുടെ മലക്കംമറച്ചിൽ രാഷ്ട്രീയവിവാദത്തിൽ. ശ്രീധരൻറെ ബദൽപാതയെ പിന്തുണയ്ക്കുന്നത് ഇരുപാർട്ടികളും തമ്മിലുള്ള ഡീലിൻറെ ഭാഗമെന്നാണ് കോൺഗ്രസ് ആരോപണം. കേന്ദ്രം ഉടക്കിട്ട പദ്ധതിക്ക്, ബിജെപി സംസ്ഥാന നേതൃത്വം പച്ചക്കൊടി വീശുന്നതോടെ പദ്ധതി പാളംകയറുമെന്നാണ് സർക്കാർ പ്രതീക്ഷ.

ഇ ശ്രീധരൻറെ ബദൽ നിർദേശം സിപിഎം-ബിജെപി ഡീലിൻറെ ഭാഗമെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. പിണറായി-മോദി അവിശുദ്ധ ബന്ധത്തിൻറെ പാലമാണ് കെവി തോമസ് എന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. സിൽവർ ലൈനിലെ സിപിഎം-ബിജെപി കൂട്ട് പൊളിക്കാനും തുറന്നുകാട്ടാനുമാകും വരും ദിവസങ്ങളിലെ കോൺഗ്രസ് നീക്കങ്ങൾ.

ഭൂമി ഏറ്റെടുക്കലും പരിസ്ഥിതി പ്രശ്‌നവും ഭാരിച്ച സാമ്പത്തിക ബാധ്യതയും ഉയർത്തിയായിരുന്നു കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ ആദ്യം സിൽവർ ലൈനിനെ എതിർത്തത്. ഇ ശ്രീധരൻറെ പുതിയ പദ്ധതി നിർദേശം വരുമ്പോഴും എലിവേറ്റഡ് പാതയും തുരങ്കപാതയുമുണ്ട്. സാമ്പത്തിക ചെലവ് കൂടുമെന്നതിന് പുറമെ, പാരിസ്ഥിതിക പ്രശ്‌നങ്ങൾ പഠിച്ചിട്ടുമില്ല. ഈ ഘട്ടത്തിലാണ് പ്രൊഫ കെവി തോമസും, ഇ ശ്രീധരനും, മുഖ്യമന്ത്രിയും കൈകൊടുത്ത പദ്ധതി നിർദേശത്തെ സുരേന്ദ്രൻ പിന്തുണച്ചത്. ഈമാറ്റത്തിന് പിന്നലെ ദുരൂഹതയാണ് കോൺഗ്രസ് രാഷ്ട്രീയ പ്രശ്‌നമായി ഉയർത്തുന്നത്.

Related News