പ്രസവത്തെ തുടർന്ന് വൃക്ക തകരാറിലായി യുവതിയുടെ മരണം: ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം

  • 13/07/2023

കോട്ടയം: പാമ്പാടിയിൽ പ്രസവത്തെ തുടർന്ന് വൃക്കകൾ തകരാറിലായ യുവതി മരിച്ച സംഭവത്തിൽ ജില്ലാ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം. ചികിത്സാ പിഴവിനെ തുടർന്നുണ്ടായ അണുബാധയാണ് 30കാരി ആതിരയുടെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിൻറെ പരാതി. എന്നാൽ അണുബാധയുടെ കാരണം എന്തെന്ന് അറിയില്ലെന്നാണ് കോട്ടയം ജില്ലാ ആശുപത്രിയുടെ വിശദീകരണം.

ഇന്നലെ പുലർച്ചെയാണ് ആറ് മാസത്തിലേറെ നീണ്ട രോഗപീഡയ്ക്ക് ഒടുവിൽ മാന്തുരുത്തി സ്വദേശിനി ആതിര ബാബു മരിച്ചത്. ഈ വർഷം ജനുവരി 11നാണ് കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് ആതിര വിധേയയായത്. പിന്നാലെ അണുബാധ ഉണ്ടായി. തുടർന്ന് ഇരുവൃക്കകളുടെയും പ്രവർത്തനം നിലച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സക്ക് ശേഷം ഡയാലിസിസ് സഹായത്തിലായിരുന്ന ജീവിതം.

ഒരു രോഗവും ഇല്ലാതിരുന്ന മകളെ രോഗിയാക്കിയത് കോട്ടയം ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നുണ്ടായ അണുബാധയെന്ന് ആതിരയുടെ അച്ഛൻ ബാബു ആരോപിച്ചു. അണുബാധയുണ്ടായെന്ന കാര്യം ആശുപത്രി അധികൃതരും സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ എങ്ങിനെ അണുബാധ ഉണ്ടായെന്ന കാര്യം അറിയില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ അവകാശപ്പെടുന്നു. ആതിരയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Related News