വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: നിഖില്‍ തോമസിന് ജാമ്യം

  • 14/07/2023

വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയും മുൻ എസ്.എഫ്.ഐ നേതാവുമായ നിഖില്‍ തോമസിന് ജാമ്യം. ഹൈക്കോടതിയിലെ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് കര്‍ശന വ്യവസ്ഥകളോടെ നിഖിലിന് ജാമ്യം അനുവദിച്ചത്. ജൂണ്‍ 23നാണ് നിഖില്‍ പിടിയിലാകുന്നത്.


വ്യാജ സര്‍ട്ടിഫിക്കറ്റുമായ കായംകുളം എംഎസ്‌എം കോളേജില്‍ പി.ജി അഡ്മിഷൻ നേടിയ നിഖില്‍ തോമസിന് കേരള സര്‍വകലാശാല ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സര്‍വകലാശാലക്ക് കീഴില്‍ പഠിക്കാനും പരീക്ഷയെഴുതാനും നിഖിലിന് കഴിയില്ല. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് ആണ് നിഖിലിന് വിലക്കേര്‍പ്പെടുത്താൻ തീരുമാനിച്ചത്. കായംകുളം എം.എസ്.എം കോളജ് അധികാരികളെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തിരുന്നു.

വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്താൻ സഹായിച്ച രണ്ടാം പ്രതി അബിൻ രാജും പിടിയിലായിരുന്നു. സര്‍ട്ടിഫിക്കറ്റിനായി നിഖില്‍ രാജില്‍ നിന്ന് പണം വാങ്ങിയെന്ന് എസ്.എഫ്.ഐ കായംകുളം ഏരിയാ പ്രസിഡന്റുമായിരുന്ന അബിൻ രാജ് മൊഴി നല്‍കിയിരുന്നു. സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഓറിയോണ്‍ ഏജൻസിയില്‍ നിന്നാണെന്നും സര്‍ട്ടിഫിക്കറ്റിനായി നിഖിലില്‍ നിന്ന് പണം കൈപ്പറ്റിയെന്നും അബിൻ രാജ് പൊലീസിനോട് സമ്മതിച്ചു. മാലിദ്വീപില്‍ അധ്യാപകനായിരുന്ന അബിൻരാജിനെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

Related News