കെ-റെയില്‍ പദ്ധതി നിലവിലെ രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്ന് ഇ.ശ്രീധരൻ

  • 14/07/2023

കൊച്ചി: കെ-റെയില്‍ പദ്ധതി നിലവിലെ രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്ന് ഇ.ശ്രീധരൻ. എലവേറ്റഡ് അല്ലെങ്കില്‍ ഭൂഗര്‍ഭ സെമി ഹൈ സ്പീഡ് പദ്ധതിയാണ് താൻ മുന്നോട് വെച്ചത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ താത്പര്യമുണ്ട്. ഡി.എം.ആര്‍.സിയെ ഏല്‍പ്പിച്ചാല്‍ ആറ് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാൻ കഴിയുമെന്നും ഇ.ശ്രീധരൻ പറഞ്ഞു.


സില്‍വര്‍ ലൈനിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഒരിടവേളക്കുശേഷം ചൂടുപിടിച്ചിരിക്കെയാണ് സില്‍വര്‍ ലൈനിന് ബദലായുള്ള പദ്ധതിയാണ് തന്റേതെന്ന് ഇ ശ്രീധരൻ വ്യക്തമാക്കിയത്. സില്‍വര്‍ ലൈൻ പദ്ധതി നിലവിലെ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാൻ ആകില്ല. പദ്ധതി ചെലവും ഭൂമി ഏറ്റെടുക്കലും വളരെ കുടുതലാണ്. എന്നാല്‍ താൻ മുന്നോട്ടുവച്ച പദ്ധതി പ്രകാരം ഇതുരണ്ടും കുറയ്ക്കാനാകും.

പദ്ധതി സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസിന് എഴുതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായിട്ടില്ല. തന്റെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരില്‍നിന്ന് എളുപ്പത്തില്‍ അനുമതി കിട്ടാനാണ് സാധ്യതയെന്നും ഇ ശ്രീധരൻ പറഞ്ഞു. പദ്ധതിയുടെ ഡിപിആര്‍ ഒന്നരവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാൻ ആകും. നിര്‍മ്മാണ ചുമതല ഡിഎംആര്‍സിയെ ഏല്‍പ്പിച്ചാല്‍ ആറു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാൻ കഴിയും. എന്നാല്‍ മറ്റ് ഏജൻസികള്‍ ആണെങ്കില്‍ വൈകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News