ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ച ചീറ്റപ്പുലികളില്‍ ഒന്ന് കൂടി ചത്തു

  • 14/07/2023

ഭോപ്പാല്‍; ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ച ചീറ്റപ്പുലികളില്‍ ഒന്ന് ചത്തു. സൂരജ് എന്ന് പേരുള്ള ആണ്‍ചീറ്റയാണ് ചത്തത്. മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ കഴിഞ്ഞ നാലുമാസത്തിനിടെ ചാവുന്ന എട്ടാമത്തെ ചീറ്റപ്പുലിയാണ് ഇത്.


ഇന്ന് പലര്‍ച്ചെ 6.30 ഓടെ പുല്‍പൂര്‍ ഈസ്റ്റ് സോണില്‍ പരിക്കേറ്റ നിലയില്‍ ചീറ്റപ്പുലിയെ കണ്ടെത്തിയിരുന്നു. കഴുത്തിനു ചുറ്റും ഈച്ച ആര്‍ക്കുന്ന നിലയിലായിരുന്നു. അടുത്തെത്തി പരിശോധിക്കാൻ ടീം ശ്രമം നടത്തിയെങ്കിലും ഓടിക്കളയുകയായിരുന്നു. തുടര്‍ന്ന് വിവരം ചീറ്റയെ നിരീക്ഷിക്കാനുള്ള പ്രത്യേക ടീമിനെ അറിയിക്കുകയായിരുന്നു.

9 മണിയോടെ മെഡിക്കല്‍ സംഘം സ്ഥലത്തെത്തിയെങ്കിലും ചീറ്റയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തിലും പുറകിലുമുള്ള മുറിവാണ് മരണകാരണമായത് എന്നാണ് പ്രാഥമിക നിഗമനം. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ വ്യക്തമാകുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തേജസ് എന്ന ആണ്‍‌ചീറ്റയും ചത്തിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ആഫ്രിക്കയില്‍ നിന്ന് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ജ്വാല എന്ന ചീറ്റയ്ക്കുണ്ടായ മൂന്നു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ എട്ട് ചീറ്റകളാണ് ഇതിനോടകം ചത്തത്. മാര്‍ച്ച്‌ 27ന് സാഷ എന്നു പേരായ പെണ്‍ചീറ്റ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചത്തു. ഏപ്രില്‍ 23ന് ഹൃദയസംബന്ധമായ പ്രശ്നത്തെ തുടര്‍ന്ന് ഉദയ് എന്ന ചീറ്റയും ചത്തിരുന്നു. മേയ് 9ന് ദക്ഷ എന്ന പെണ്‍ചീറ്റ ആണ്‍ചീറ്റയുമായുള്ള പോരാട്ടത്തിലായിരുന്നു ചത്തത്.

Related News