സെന്തില്‍ ബാലാജിയുടെ കസ്റ്റഡി പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

  • 14/07/2023

ചെന്നൈ: ജയിലില്‍ കഴിയുന്ന ഡി.എം.കെ. നേതാവും മുൻമന്ത്രിയുമായ സെന്തില്‍ ബാലാജിയുടെ കസ്റ്റഡി പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അദ്ദേഹത്തിന്റെ ഭാര്യ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് ജസ്റ്റിസ് സി.വി. കാര്‍ത്തികേയൻ വെള്ളിയാഴ്ച വിധി പ്രസ്താവിച്ചത്. ബാലാജി ആശുപത്രിയില്‍ കഴിഞ്ഞ കാലയളവ് കസ്റ്റഡി കാലാവധിയില്‍ നിന്ന് ഒഴിവാക്കാനും കോടതി നിര്‍ദേശിച്ചു.


വിഷയം നേരത്തെ പരിഗണിച്ച ജസ്റ്റിസ് ഭരത ചക്രവര്‍ത്തി വ്യക്തമാക്കിയ അഭിപ്രായം അനുകൂലിച്ചുകൊണ്ട് ഇ.ഡിയ്ക്ക് സെന്തില്‍ ചക്രവര്‍ത്തിയെ കസ്റ്റഡിയില്‍ വെക്കാനുള്ള അധികാരമുണ്ടെന്നും അറസ്റ്റും റിമാൻഡും നിയമപരമായതിനാല്‍ ഇപ്പോള്‍ സമര്‍പ്പിച്ചിട്ടുള്ള ഹേബിയസ് കോര്‍പസ് ഹര്‍ജി അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേസന്വേഷണത്തില്‍ കസ്റ്റഡിയിലെടുക്കേണ്ടതിന്റെ ആവശ്യകതയുണ്ടെങ്കില്‍ അതനുവദിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

കള്ളപ്പണക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്( ഇ.ഡി.) ജൂണ്‍ മാസത്തിലാണ് അന്ന് മന്ത്രിയായിരുന്ന സെന്തില്‍ ബാലാജിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ബാലാജിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കി ഗവര്‍ണര്‍ ആൻ. എൻ. രവി ഉത്തരവിറക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണം തുടരാൻ സുപ്രീം കോടതി ഇ.ഡിയ്ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്ന് ബാലാജിയുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ ഇ.ഡി. പരിശോധന നടത്തിയിരുന്നു.

Related News