പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലേക്ക്; രൂപയിൽ ഇടപാടടക്കം വിവിധ വിഷയങ്ങൾ ചർച്ചയാവും

  • 15/07/2023

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിൽ എത്തും. യുഎഇ പ്രസിഡൻറുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കും. ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി മടങ്ങും വഴിയാണ് നരേന്ദ്ര മോദി യുഎഇയിൽ ഇറങ്ങുന്നത്. ഒമ്പത് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചാം തവണയാണ് യുഎഇയിലെത്തുന്നത്. 

രാവിലെ 9.15ന് അബുദാബിയിലെ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനമിറങ്ങും. യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും, കോപ്പ് 28 പ്രസിഡൻറ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ജാബറുമായും കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.50നാണ് ഇന്ത്യ യുഎഇ ഉഭയകക്ഷി ചർച്ച. ഇരുരാജ്യങ്ങളും തമ്മിൽ രൂപയിൽ വ്യാപാരം നടത്തുന്നത് സംബന്ധിച്ച് യുഎഇയും ഇന്ത്യയും തമ്മിൽ ധാരണാപത്രം ഒപ്പുവയ്ക്കുമെന്നാണ് സൂചനകൾ. 

ഇന്ത്യ യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൻറെ പുരോഗതിയും ഇരുനേതാക്കളും വിലയിരുത്തും. ഡൽഹി ഐഐടിയുടെ ഓഫ് ക്യാംപസ് അബുദാബിയിൽ തുടങ്ങുന്ന കാര്യത്തിലും ധാരണാപത്രം ഒപ്പിടും. ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് യുഎഇയെ ഔദ്യോഗികമായി പ്രധാനമന്ത്രി ക്ഷണിക്കും. ഊർജം വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളിൽ പരസ്പരസഹകരണം മെച്ചപ്പെടുത്തുന്നതും ചർച്ചയാകും. ഉച്ചകഴിഞ്ഞ് 3.15 ന് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കും.

Related News