മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ആദ്യമായി ശരദ് പവാറിന്റെ വീട്ടിലെത്തി

  • 15/07/2023

മുംബൈ: മഹാരാഷ്ട്രയില്‍ എൻ.സി.പിയെ പിളര്‍ത്തി ബി.ജെ.പി സഖ്യത്തിനൊപ്പം ചേര്‍ന്ന നാടകീയ നീക്കത്തിന് പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ആദ്യമായി ശരദ് പവാറിന്റെ വീട്ടിലെത്തി. വെള്ളിയാഴ്ചയാണ് അജിത് ശരദ് പവാറിന്റെ വീട്ടിലെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ശരദ് പവാറിന്റെ ഭാര്യ പ്രതിഭ പവാറിനെ കാണാനാണ് അജിത് എത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.


മുംബൈ ബ്രീച്ച്‌ കാൻഡി ആശുപത്രിയിലാണ് പ്രതിഭ പവാര്‍ ശസ്ത്രക്രിയക്ക് വിധേയയായത്. അജിത് പവാറിന് തന്റെ അമ്മായി കൂടിയായ പ്രതിഭ പവാറുമായി വളരെ അടുത്ത ബന്ധമാണുള്ളത്. 2019-ല്‍ എൻ.സി.പി വിട്ട് ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയില്‍ അംഗമായ അജിത്തിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചത് പ്രതിഭയായിരുന്നു.

ജൂലൈ രണ്ടിനാണ് അജിത് പവാര്‍ എൻ.സി.പി പിളര്‍ത്തി ബി.ജെ.പി സഖ്യത്തിനൊപ്പം ചേര്‍ന്നത്. മറുകണ്ടം ചാടിയ അജിത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും ഒപ്പം വന്ന ഒമ്ബത് എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനവും ലഭിച്ചിരുന്നു. ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാര്‍ നേതൃത്വം കൊടുക്കുന്നതിനിടെ അജിത് പവാറിന്റെ നീക്കം അദ്ദേഹത്തിന് കനത്ത തിരിച്ചടിയായിരുന്നു.

Related News