ദില്ലി സാധാരണ നിലയിലേക്ക്, പ്രധാന പാതകളിൽ വെള്ളക്കെട്ട് നീങ്ങി

  • 17/07/2023

ദില്ലി: പ്രളയത്തിൽ നിന്ന് കരകയറിയ ദില്ലി സാധാരണ നിലയിലേക്ക്. പ്രധാന പാതകളിൽ വെള്ളക്കെട്ട് നീങ്ങി. രാജ്ഘട്ട്, ഐടിഒയിലെ ചില ഭാഗങ്ങൾ, യമുന വിഹാറിലെ താഴ്ന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് ഇപ്പോഴുമുള്ളത്. ഇന്ന് മുതൽ സർക്കാർ ഓഫീസുകൾ അടക്കം പൂർണതോതിൽ പ്രവർത്തിച്ച് തുടങ്ങും. അതേസമയം പ്രളയബാധിതമായ ആറ് ജില്ലകളിലെ സ്‌കൂളുകൾക്ക് ഈ മാസം പതിനെട്ട് വരെ അവധി നീട്ടി. പ്രളയബാധിതർക്ക്  പതിനായിരം രൂപ സർക്കാർ സഹായ ധനം പ്രഖ്യാപിച്ചു. 

ഇതിനിടെ പ്രളയത്തെ ചൊല്ലി എഎപി, ബിജെപി പോര് രൂക്ഷമാണ്. യമുനയിലെ ജലനിരപ്പ് വൈകാതെ അപകട നിലയ്ക്ക് താഴേക്ക് എത്തുമെന്നാണ് കരുതുന്നത്. ഒടുവിൽ രേഖപ്പെടുത്തിയത് 205.5 മീറ്റർ ജലനിരപ്പാണ്. 205.3 ആണ് യമുനയിലെ ജലനിരപ്പിന്റെ അപകടനില. ഐടിഒ അടക്കം പല മേഖലകളിലും വെള്ളക്കെട്ട് തുടരുന്നു.

Related News