ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചിരിക്കുകയാണെന്ന് എംകെ സ്റ്റാലിൻ

  • 17/07/2023

ചെന്നൈ: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചിരിക്കുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പ്രതിപക്ഷ ഐക്യനിരയുടെ രണ്ടാം യോഗത്തിന് മുന്നോടിയായി സംസ്ഥാന മന്ത്രി കെ പൊൻമുടിയുടെ വസതിയില്‍ ഇഡി നടത്തിയ റെയ്ഡ് ഒരു വഴിതിരിച്ചുവിടല്‍ തന്ത്രമാണെന്നും സ്റ്റാലിൻ പ്രതികരിച്ചു. പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കാൻ ബംഗളൂരുവിലേക്ക് പോകും മുമ്ബ് ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കഴിഞ്ഞ മാസം ബിഹാറില്‍ തുടക്കംകുറിച്ച പ്രതിപക്ഷ ഐക്യം ബെംഗളൂരുവില്‍ നടക്കുന്ന രണ്ടാം യോഗത്തില്‍ തുടരുമെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ വസതിയില്‍ ഇഡി നടത്തിയ റെയ്ഡിനെതിരെ രൂക്ഷവിമര്‍ശനമാണ് സ്റ്റാലിൻ ഉന്നയിച്ചത്. പതിമൂന്ന് വര്‍ഷം മുമ്ബ് അന്നത്തെ ജയലളിത സര്‍ക്കാര്‍ പൊൻമുടിക്കെതിരെ ചുമത്തിയ കള്ളക്കേസായിരുന്നു ഇത്. ഇഡി റെയ്ഡുകള്‍ ബിജെപിയുടെ നിരാശയാണ് പ്രതിഫലിപ്പിക്കുന്നതെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു.

ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സര്‍ക്കാരിനെതിരായ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗവര്‍ണര്‍ ആര്‍എൻ രവിയും ഇഡിയും പങ്കാളികളാണെന്ന് അദ്ദേഹം ആരോപിച്ചു. ബംഗളൂരു യോഗത്തില്‍ തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായ കാവേരി പ്രശ്നം ഉന്നയിക്കണമെന്ന ചോദ്യത്തിന്, "കാവേരി പ്രശ്നം ചര്‍ച്ച ചെയ്യാനല്ല യോഗം" എന്നും അദ്ദേഹം വ്യക്തമാക്കി.

Related News