പ്രതിപക്ഷത്തിന് മറുതന്ത്രമൊരുക്കാൻ എൻഡിഎ; നാളത്തെ യോഗത്തിൽ 38 പാർട്ടികൾ പങ്കെടുക്കുമെന്ന് ബിജെപി

  • 17/07/2023

ദില്ലി: ബംഗലുരുവിൽ പ്രതിപക്ഷം തന്ത്രങ്ങൾ മെനയുമ്പോൾ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മറുതന്ത്രമൊരുക്കാൻ നാളെ എൻഡിഎ യോഗം. ദില്ലിയിൽ നടക്കുന്ന യോഗത്തിൽ 38 സഖ്യകക്ഷികൾ പങ്കെടുക്കും. കഴിഞ്ഞ 4 വർഷത്തെ എൻഡിഎയുടെ വളർച്ച നിർണായകമെന്ന് ജെ പി നദ്ദ അവകാശപ്പെട്ടു. മോദിയുടെ വികസന അജണ്ടകളിൽ എല്ലാ പാർട്ടികൾക്കും താല്പര്യമുണ്ടെന്നും പുതിയതായി ഏതെല്ലാം പാർട്ടികൾ വരുമെന്ന് നാളെ അറിയാമെന്നും അദ്ദേഹം വിശദീകരിച്ചു.

ദേശത്തിന്റെ വളർച്ചയ്ക്ക് വേണ്ടി എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകണം എന്നതാണ് എൻഡിഎ അജണ്ട. ഒപ്പം വരണോ എന്നത് അവരാണ് തീരുമാനിക്കേണ്ടതെന്നും നദ്ദ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ, കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കപ്പടുന്നുവെന്ന വിമർശനം നദ്ദ  പൂർണമായും തള്ളി. കേന്ദ്ര ഏജൻസികൾ സ്വാതന്ത്രരാണ്. ഇത് ജനാധിപത്യ രാജ്യമാണ്. പ്രതിപക്ഷം ഇരവാദമാണ് ഉന്നയിക്കുന്നത്. നാഷണൽ ഹെറാൾഡ് കേസ് തെറ്റായ കേസാണോ എന്ന ചോദ്യമുയർത്തിയ അദ്ദേഹം, കോടതി തെറ്റായ കേസാണെന്ന് പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു. 

38 കക്ഷികളെ അണിനിരത്തിയുള്ള ശക്തി പ്രകടനത്തിലൂടെ പ്രതിപക്ഷ യോഗത്തിന് മറുപടി നൽകാനാണ് ബിജെപി ശ്രമിക്കുന്നത്.  അകറ്റി നിർത്തിയിരുന്ന പല കക്ഷികളേയും ദേശീയ അധ്യക്ഷൻ തന്നെ യോഗത്തിലേക്ക് ക്ഷണിച്ചു. ബിജെപിയുടെ ആത്മവിശ്വാസം അതിര് കടന്നതോടെ എൻഡിഎ ഏറെക്കുറെ ശിഥിലമായിരുന്നു. പാറ്റ്‌ന യോഗത്തെ പ്രതിപക്ഷനാടകമെന്നും, ഫോട്ടോ സെഷൻ എന്നുമൊക്കെ പരിഹസിച്ച് അവഗണിക്കാൻ  ശ്രമിച്ചെങ്കിലും പ്രതിപക്ഷ ഐക്യനിരയിൽ കക്ഷികളുടെ എണ്ണം കൂടി തുടങ്ങിയതോടെ കളികാര്യമാകുകയാണെന്ന് ബിജെപി തിരിച്ചറിഞ്ഞു.

Related News