26 പാർട്ടികൾ, 49 നേതാക്കൾ; സംയുക്ത പ്രതിപക്ഷ യോഗം അൽപസമയത്തിനകം

  • 17/07/2023

ബെംഗളുരു: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കും ബിജെപിക്കും ബദലായി ഐക്യനിര കെട്ടിപ്പടുക്കാൻ സംയുക്ത പ്രതിപക്ഷ യോഗം ബെംഗളുരുവിൽ അൽപസമയത്തിനകം തുടങ്ങും. 26 പാർട്ടികളിൽ നിന്നായി 49 നേതാക്കളാണ് യോഗത്തിന് എത്തിച്ചേർന്നിരിക്കുന്നത്. ഊഷ്മള സ്വീകരണം, ഹസ്തദാനം, കൂടിക്കാഴ്ചകൾ. പ്രതിപക്ഷ ഐക്യയോഗത്തിൻറെ ആദ്യദിനം തീർത്തും അനൗപചാരികമായിരുന്നു. ഉച്ചയോടെ തന്നെ അഞ്ച് മുഖ്യമന്ത്രിമാരടക്കം പ്രധാനനേതാക്കളെല്ലാമെത്തി. എൻസിപിയുടെ നിർണായക നീക്കങ്ങൾ തുടരുന്നതിനാൽ ശരദ് പവാർ നാളെയേ എത്തൂവെന്ന് രാവിലെത്തന്നെ അറിയിച്ചിരുന്നു. 

ബിജെപിയെ വീഴ്ത്തി കോൺഗ്രസ് മികച്ച ജയം നേടിയ കർണാടകയുടെ മണ്ണിൽ പുതിയ തുടക്കമെന്ന ആത്മവിശ്വാസമാണ് യോഗത്തിനെത്തിയ പ്രതിപക്ഷ നേതാക്കളിൽ പലരും പ്രകടിപ്പിച്ചത്. പ്രധാനമായും മൂന്ന് അജണ്ടകളാണ് പ്രതിപക്ഷ യോഗത്തിനുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യനിര സ്വീകരിക്കണ്ട പൊതുമിനിമം പരിപാടിയും നയങ്ങളുമാണ് ആദ്യ അജണ്ട. പ്രതിപക്ഷ ഐക്യനിരയ്ക്ക് ഒരു പേര് നൽകണോ വേണ്ടയോ എന്നതാണ് രണ്ടാം അജണ്ട. അതിന് ചെയർപേഴ്‌സണോ കൺവീനറോ വേണോ എന്നും ചർച്ചയിലുണ്ട്.  

വിവിധ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജന ഫോർമുല. ഇതോടൊപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ, ഏക സിവിൽ കോഡ്, മണിപ്പൂർ വിഷയം അടക്കം ജനങ്ങൾക്കിടയിൽ ഉയർത്തേണ്ട വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. ദില്ലി ഓർഡിനൻസിനെതിരെ നിലപാടെടുത്തതോടെ യോഗത്തിനെത്തുന്ന ആം ആദ്മി പാർട്ടിയുടെ നിലപാട് നിർണായകമാകും. പ്രതിപക്ഷ യോഗം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇഡി റെയ്ഡുകൾ നടത്തിയത് ശക്തമായി ദേശീയ തലത്തിൽ ഉന്നയിക്കാൻ ധാരണയുണ്ടാകും. പല പ്രാദേശിക പാർട്ടികൾ ഒന്നിച്ച് നിൽക്കുമ്പോൾ പല വിഷയങ്ങളിലും അഭിപ്രായഭിന്നതകളുണ്ടാകാം. അത് ഒറ്റ യോഗത്തിൽ പരിഹരിക്കാനാകില്ലെന്നും, വിശദമായ ചർച്ചകൾക്ക് ശേഷം ഒരു സമവായമുണ്ടാക്കുമെന്നും കോൺഗ്രസടക്കം പറയുന്നു. രാജ്യത്ത് ഇഡി രാജാണെന്നും, പ്രതിപക്ഷ ഐക്യം കണ്ട് ഭയന്നാണ് ബിജെപി നാളെ എൻഡിഎ യോഗം വിളിച്ചിരിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.

Related News