കാമുകൻറെ ശല്യം ഒഴിവാക്കാൻ പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകി യുവതി, പാമ്പ് കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

  • 19/07/2023

ഹൽദ്വാനി: കാമുകൻറെ ശല്യം സഹിക്കാവുന്നതിലും അധികം. പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ക്വട്ടേഷൻ നൽകി കാമുകി. പാമ്പാട്ടി പിടിയിൽ. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ബിസിനസുകാരനായ യുവാവിൻറെ മൃതദേഹം കാറിൽ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിലാണ് വൻ ഗൂഡാലോചന പുറത്ത് വന്നത്. അങ്കിത് ചൌഹാൻ എന്ന യുവാവിനെയാണ് ജൂലൈ 17ന് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണത്തിലാണ് അങ്കിത് ചൌഹാൻറെ കാലിൽ പാമ്പ് കടിച്ച പാടുകൾ കണ്ടെത്തിയത്. പാടുകളെ തുടർന്നുണ്ടായ സംശയത്തിലാണ് പാമ്പാട്ടിയെ പിടികൂടിയത്. പിന്നാലെ നടന്ന ചോദ്യ ചെയ്യലിലാണ് കൊലപാതകത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. അങ്കിതിൻറെ കാമുകിയും സഹായികളും പാമ്പാട്ടിയുമടക്കം കൊലപാതകത്തിൽ അഞ്ച് പേരെയാണ് പൊലീസ് തിരയുന്നത്. പാമ്പാട്ടി ഒഴികെയുള്ളവർ ഒളിവിലാണ്. സംഭവത്തേക്കുറിച്ച് നൈനിറ്റാൾ സീനിയർ പൊലീസ് സൂപ്രണ്ട് പങ്കജ് ഭട്ട് വിശദമാക്കുന്നത് ഇങ്ങനെയാണ്.

ഡോളി എന്നപേരിൽ അറിയപ്പെടുന്ന മഹിയെന്ന യുവതിയുമായി അങ്കിത് ഏറെക്കാലമായി പ്രണയത്തിലായിരുന്നു. അങ്കിതുമായി സാമ്പത്തിക ഇടപാടുകൾ അടക്കം മഹിക്ക് ഉണ്ടായിരുന്നു. എന്നാൽ പ്രണയ ബന്ധം ഒഴിയാനുള്ള മഹിയുടെ ശ്രമം അങ്കിത് തടഞ്ഞുവെന്ന് മാത്രമല്ല ബന്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് വിശദമാക്കി പിന്നാലെ നടക്കുകയും ചെയ്തു.

ഇതോടെ ഏത് വിധേനെയും അങ്കിതിനെ ഒഴിവാക്കാനുള്ള കാമുകിയുടെ ശ്രമമാണ് കൊലപാതകത്തിലെത്തിയത്. മറ്റ് രീതിയിൽ കൊലപ്പെടുത്തിയാൽ പൊലീസ് കേസാകുമെന്ന് ഭയന്ന് സാധാരണ മരണം എന്ന നിലയിലേക്ക് പദ്ധതി തയ്യാറാക്കിയാണ് പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകിയത്. പാമ്പാട്ടി തന്ത്ര പരമായി അങ്കിതിൻറെ കാലിൽ പാമ്പിനെ കൊണ്ട് കൊത്തിക്കുകയായിരുന്നു. പാമ്പ് കടിയേറ്റ് മരിച്ചുവെങ്കിലും പൊലീസുകാർക്ക് തോന്നിയ സംശയത്തിൽ നടന്ന അന്വേഷണത്തിൽ കൊലപാതക വിവരം പുറത്ത് വരികയായിരുന്നു.

Related News