അബ്ദുന്നാസര്‍ മഅ്ദനി ഇന്ന് കേരളത്തിലെത്തും

  • 20/07/2023

കൊച്ചി: കേരളത്തില്‍ കഴിയാൻ സുപ്രിംകോടതി അനുമതി നല്‍കിയതോടെ പി.ഡി.പി. ചെയര്‍മാൻ അബ്ദുന്നാസര്‍ മഅ്ദനി ഇന്ന് കേരളത്തിലെത്തും. ബംഗളൂരുവില്‍ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രിംകോടതി പിൻവലിച്ചതോടെയാണ് മഅ്ദനിയ്ക്ക് സ്വന്തം നാട്ടില്‍ കഴിയാനാകുന്നത്.


ഉച്ചയോടെ ബംഗളുരുവില്‍ നിന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്താണ് മഅ്ദനിയെത്തുക. പിന്നീട് റോഡുമാര്‍ഗം അൻവാറുശ്ശേരിയിലേക്ക് പോകും. മഅ്ദനിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സാഹചര്യം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെ എയര്‍പോര്‍ട്ടില്‍ പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും മാത്രം സ്വീകരിക്കും. അൻവാര്‍ശ്ശേരിയിലെത്തുന്ന മഅ്ദനി കുടുംബവീട്ടിലെത്തി പിതാവിനെ കാണും. പിതാവിനോടൊപ്പം ഏതാനും ദിവസം അൻവാര്‍ശ്ശേരിയില്‍ തുടരാനും ശേഷം ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിക്കാനുമാണ് ഉദ്ദേശിക്കുന്നത്.

ആരോഗ്യാവസ്ഥ പ്രയാസകരമായി തുടരുന്ന സാഹചര്യത്തിലും ഇൻഫക്ഷൻ സാധ്യത പരിഗണിച്ചും ഏതാനും ദിവസത്തേക്ക് സന്ദര്‍ശനം ഒഴിവാക്കി സഹകരിക്കണമെന്ന് അദ്ദേഹത്തിന് വേണ്ടി എല്ലാവരോടും പി.ഡി.പി.കേന്ദ്രകമ്മിറ്റി അഭ്യര്‍ത്ഥിച്ചു. നീതിനിഷേധങ്ങളുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും നിരന്തരമായ വേട്ടയാടലുകളില്‍ നിന്ന് അല്‍പമെങ്കിലും ആശ്വാസകരമായ സാഹചര്യം രൂപപ്പെടുന്നതിന് സഹായിച്ച പിന്തുണച്ച എല്ലാവരോടും പി.ഡി.പി.കേന്ദ്രകമ്മിറ്റി നന്ദി അറിയിച്ചു.

Related News