ലൈംഗികാതിക്രമക്കേസില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിന് ജാമ്യം

  • 20/07/2023

ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിന് ജാമ്യം. സസ്‌പെൻഷനിലുള്ള ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും ജാമ്യം ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ റോസ് അവന്യു കോടതിയിലെ അഡിഷനല്‍ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഹര്‍ജീത് സിങ് ജസ്പാല്‍ ആണ് ഗുസ്തിതാരങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ ബ്രിജ് ഭൂഷണിന്റെ ജാമ്യാപേക്ഷയില്‍ വിധിപറഞ്ഞത്.


പ്രതികള്‍ 25,000 രൂപ ജാമ്യത്തുക കെട്ടിവയ്ക്കണം. മുൻകൂട്ടി അറിയിക്കാതെ രാജ്യംവിടരുതെന്നും കേസിലെ പരാതിക്കാരെയോ സാക്ഷികളെയോ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും കോടതി പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.

കേസില്‍ കഴിഞ്ഞ ജൂണ്‍ 15ന് ഡല്‍ഹി പൊലീസ് ബ്രിജ് ഭൂഷണിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഐ.പി.സി 354, 354 എ, 354ഡി, 506 ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, ബ്രിജ് ഭൂഷണിന്റെയും തോമറിന്റെയും ജാമ്യാപേക്ഷകള്‍ ഇന്ന് കോടതി പരിഗണനയ്‌ക്കെടുത്തപ്പോള്‍ പൊലീസ് എതിര്‍പ്പൊന്നും അറിയിച്ചില്ല. ജാമ്യാപേക്ഷയെ എതിര്‍ക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ലെന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍, തുടര്‍നടപടികള്‍ നിയമപ്രകാരവും കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലുമാകണമെന്ന് ആവശ്യപ്പെട്ടു.

Related News