മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റണമെന്ന വികാരം എൻഡിഎയിൽ ശക്തം; മാറ്റില്ലെന്ന നിലപാടിലുറച്ച് ബിജെപി

  • 20/07/2023

ദില്ലി: മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റണമെന്ന വികാരം എൻഡിഎയിൽ ശക്തം. ചില എൻഡിഎ സഖ്യകക്ഷികൾ ഈയാവശ്യം ബിജെപിയെ അറിയിച്ചു. എന്നാൽ തത്കാലം തീരുമാനമില്ലെന്നാണ് ബിജെപി നിലപാട്. ക്രൈസ്തവരെ ആകർഷിക്കാനുള്ള നീക്കങ്ങളെ മണിപ്പൂർ കലാപം ബാധിച്ചു എന്നാണ് ബിജെപി വിലയിരുത്തൽ.  കലാപം അടിച്ചമർത്താൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് നേരത്തേയും വിമർശനങ്ങളുയർന്നിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ പിന്തുണക്കുന്ന നിലപാടാണ് ബിജെപി അന്നും കൈക്കൊണ്ടത്. 

അതേസമയം, മണിപ്പൂരിൽ സ്ത്രീകളെ നഗ്‌നയാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു. പുറത്തുവന്ന വീഡിയോ പരിശോധിച്ചു കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്ന് മണിപ്പൂർ പൊലീസ് വ്യക്തമാക്കി. കലാപത്തിൽ സ്ത്രീകൾക്കെതിരെ സമാന ലൈംഗികാതിക്രമം ഉണ്ടായ നാല് സംഭവങ്ങൾ കൂടി ഉണ്ടെന്ന് ബിജെപി കുക്കി എംഎൽഎമാർ ഉൾപ്പെടെയുള്ളവർ അവകാശപ്പെട്ടു. കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോയുടെ സാഹചര്യത്തിലാണ് എംഎൽഎ മാരുടെ പ്രസ്താവന.

അതേ സമയം കലാപത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അക്രമികൾ ഒരാളുടെ തല വെട്ടിയ ദൃശ്യങ്ങളാണ് കലാപത്തിന്റേതായി ഒടുവിൽ പുറത്തുവന്നത്. ഇത് ജൂലൈ രണ്ടിന് ബിഷ്ണുപൂരിൽ നടന്ന ആക്രമണത്തിന്റെ ഭാഗമാണെന്നാണ് സൂചന. സ്ത്രീകളെ നഗ്‌നരാക്കി നടത്തി പീഡിപ്പിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Related News