ബി.ജെ.പിയുടെ ബേഠി ബച്ചാവോ മുദ്രാവാക്യം ബേഠി ജലാവോ ആയി മാറി; വിമർശനവുമായി മമത ബാനർജി

  • 21/07/2023

കൊല്‍ക്കത്ത: സ്ത്രീ സുരക്ഷയില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പിയുടെ ബേഠി ബച്ചാവോ (പെണ്‍കുട്ടികളെ രക്ഷിക്കൂ) മുദ്രാവാക്യം ബേഠി ജലാവോ (പെണ്‍കുട്ടികളെ കത്തിക്കൂ) ആയി മാറിയെന്ന് മമത കുറ്റപ്പെടുത്തി. മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി പരസ്യമായി നടത്തിച്ചതും ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ വിമര്‍ശനം.


ലൈംഗികാതിക്രമ കേസില്‍ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ജാമ്യം ലഭിച്ചതിലും മമത ബി.ജെ.പിയെ കുറ്റപ്പെടുത്തി. ''നിങ്ങള്‍ ബേഠി ബച്ചാവോ മുദ്രാവാക്യം വിളിച്ചു. നിങ്ങളുടെ മുദ്രാവാക്യം ഇപ്പോള്‍ എവിടെയാണ്? ഇന്ന് മണിപ്പൂര്‍ കത്തുകയാണ്, രാജ്യം മുഴുവൻ കത്തുകയാണ്. നമ്മുടെ സ്ത്രീകളുടെ മാനം കളങ്കപ്പെടുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ നിങ്ങള്‍ സ്ത്രീകളെ രാജ്യത്തുനിന്ന് പുറത്താക്കും''- കൊല്‍ക്കത്തയില്‍ തൃണമൂലിന്റെ രക്തസാക്ഷി ദിനത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ മമത പറഞ്ഞു.

Related News