ബാലസോർ ട്രെയിൻ അപകടം: 41 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന് റെയില്‍വേ

  • 21/07/2023

ദില്ലി : ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 295 യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ 41 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന് റെയില്‍വേ. റെയില്‍വേ സുരക്ഷ കമ്മീഷണര്‍ അന്വേഷണം പൂ‌ര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 295 പേരാണ് അപകടത്തില്‍ മരിച്ചത്. 176 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 451 പേര്‍ക്ക് നേരിയ പരിക്കും സംഭവിച്ചു. ദുരന്തത്തിന് കാരണം സിഗ്നലിംഗ് സംവിധാനത്തിന്റെ അറ്റകുറ്റപണികളിലെ പിഴവാണെന്നും റെയില്‍വേ വിശദീകരിച്ചു. കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്നിക്, സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്, എഎപി നേതാവ് സഞ്ചയ് സിംഗ് എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ റെയില്‍വേ മന്ത്രാലയം ഔദ്യോഗികമായി പാര്‍ലമെന്റിനെ അറിയിച്ചു.


റെയില്‍വേ സ്റ്റേഷന് വടക്കുവശത്തുള്ള സിഗ്നല്‍ സംവിധാനത്തില്‍ മുമ്ബ് നടത്തിയ സിഗ്നലിംഗ് സര്‍ക്യൂട്ട് മാറ്റത്തിലെ പിഴവുകള്‍, അടുത്തുള്ള ലെവല്‍ ക്രോസിംഗ് ഗേറ്റിലെ സിഗ്നലിംഗ് ജോലികള്‍ നടത്തിയതിലെ പാളിച്ചകള്‍ എന്നിവ കാരണം ചെന്നൈയിലേയ്ക്കുള്ള കോറമണ്ഡല്‍ എക്സ്പ്രസിന് (ട്രെയിൻ നമ്ബര്‍ 12841) തെറ്റായി പച്ചസിഗ്നല്‍ കൊടുക്കുകയും എന്നാല്‍ സിഗ്നലിംഗ് സംവിധാനത്തിലെ അശ്രദ്ധയും വീ‍ഴ്ചകളും കാരണം ഇത് മെയിൻ ലൈനിന് പകരം സ്റ്റേഷനോട് ചേര്‍ന്നുള്ള ലൂപ്പ് ലൈനിലേയ്ക്ക് കണക്‌ട് ചെയ്യപ്പെടുകയുമാണ് ഉണ്ടായത്. ഇതുമൂലം യാത്രാ ട്രെയിൻ ഗതി മാറി ലൂപ്പ് ലൈനില്‍ പിടിച്ചിട്ടിരുന്ന ചരക്ക് തീവണ്ടിയുടെ പുറകില്‍ ചെന്നിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

റെയില്‍വേ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയും വീഴ്ചയും അനാസ്ഥയുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്നതാണ് റെയില്‍വേ മന്ത്രിയുടെ വെളിപ്പെടുത്തല്‍. മരിച്ച 295 യാത്രക്കാരില്‍ 41 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും കേന്ദ്രമന്ത്രി സമ്മതിച്ചു. എന്നാല്‍ ക‍ഴിഞ്ഞ മുന്ന് കൊല്ലത്തിനിടയില്‍ സമാനമായ അപകടങ്ങള്‍ ഉണ്ടാക്കുവാൻ സാധ്യയുണ്ടായിരുന്ന സിഗ്നല്‍ വീ‍ഴ്ചകളെ കുറിച്ചുള്ള ചോദ്യത്തോട് വ്യക്തമായ മറുപടി നല്‍കാതെ ബാലസോറിന് സമാനമായ അപകടം ഉണ്ടാകുന്ന തരത്തിലുള്ള സിഗ്നല്‍ വീ‍ഴ്ചകള്‍ സംഭവിച്ചിട്ടില്ലെന്ന ഒ‍ഴുക്കൻ മറുപടിയാണ് റെയില്‍വേ മന്ത്രാലയം നല്‍കിയത്.

Related News